തിരുവനന്തപുരം: രാവിലെ പാലൊഴിച്ച ചായയില്ലാതെ ദിവസം തുടങ്ങാനാവാത്ത മലയാളികളുണ്ട്. പാൽവില ഒറ്റയടിക്ക് അഞ്ചു രൂപ വരെ വർദ്ധിപ്പിക്കുമെന്നത് ഇവർക്ക് ഇരുട്ടടിയായിരിക്കയാണ്. ഡിസംബറോടെ പുതുക്കിയ പാൽ വില പ്രബല്യത്തിൽ വരുമെന്നാണ് മന്ത്രി ചിഞ്ചുറാണി കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അങ്ങനെയെങ്കിൽ ഇപ്പോൾ 23 രൂപയ്ക്ക് ലഭിക്കുന്ന നീല കവർ മിൽമ പാലിന്റെ വില 28 രൂപ വരെ വർദ്ധിക്കാം.10 രൂപയ്ക്ക് കിട്ടുന്ന ചായയുടെയും 15 രൂപയ്ക്ക് കിട്ടുന്ന കോഫിയുടെയും വിലയും കൂടും. തൈരും വെണ്ണയും നെയ്യുമെല്ലാം വിലക്കയറ്റത്തിന്റെ പടി കയറും.ഇന്ധനവിലക്കയറ്റത്തിൽ നടുവൊടിഞ്ഞ മലയാളിയുടെ അടുക്കള ബഡ്ജറ്റ് പാടെ താളം തെറ്റും.
ക്ഷീര കർഷകരെ സഹായിക്കാനാണ് ഈ വിലക്കയറ്റമെന്നാണ് മന്ത്രിയുടെയും സർക്കാരിന്റെയും ന്യായം. പക്ഷേ, വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടിയ, ഉള്ള വരുമാനത്തിൽ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പെടാപ്പാട് പെടുന്ന സാധാരണക്കാരെ ആരു സഹായിക്കുമെന്ന് ചോദിച്ചാൽ ആർക്കും ഉത്തരമില്ല.
https://youtu.be/BNV5oupjH9k
ചോറില്ലാതെ ജീവിക്കാനാവാത്ത മലയാളിയെ വെല്ലുവിളിച്ച് അരിവില റോക്കറ്റിലേറി കുതിക്കുകയാണ്. രണ്ടു മാസത്തിനിടെ, എല്ലായിനം അരികളുടെയും വില ശരാശരി 20 രൂപയോളം ഉയർന്നു. നിലവിൽ ഒരു കിലോ മട്ട അരിക്ക് 60-65 രൂപയോളം നൽകണം. ഗുണനിലവാരമുള്ള റേഷനരി ലഭിക്കുന്നതാണ് പാവപ്പെട്ടവരുടെ ഏക ആശ്വാസം. ആന്ധ്രയില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നും അരി വരവ് കുറഞ്ഞതും പാക്കയ്ക്കറ്റ് അരിയ്ക്ക് അഞ്ച് ശതമാനം ജിഎസ്ടി ഏര്‍പ്പെടുത്തിയതുമാണ് വില വര്‍ധയന്ക്ക് കാരണമെന്നാണ് മൊത്ത വ്യാപാരികള്‍ പറയുന്നത്.
അരിക്കു പുറമെ മുളക്, മല്ലി, പയര്‍ വര്‍ഗങ്ങള്‍, ഡിറ്റര്‍ജന്റുകള്‍, ബിസ്‌കറ്റുകള്‍, കറിപ്പൊടികള്‍,സണ്‍ഫ്‌ളവര്‍ ഓയില്‍ ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങള്‍ക്കും ക്രമാതീതമായി വില വര്‍ധിച്ചിരിക്കയാണ്. കഴിഞ്ഞ വർഷം ഉണക്ക മുളക് കിലോയ്ക്ക് 160 ആയിരുന്നത് ഇപ്പോൾ 330 രൂപയായി.ചെറുപയറിന്റെ വില 80 ൽ നിന്ന് 130 ആയി. പഴം പച്ചക്കറി വിലയും മേലോട്ട് തന്നെ.
പെട്രോള്‍, ഡീസല്‍, മണ്ണെണ്ണ, പാചക വാതക സിലിണ്ടര്‍ എന്നിവയുടെ വില തോന്നുമ്പോഴൊക്കെ വർദ്ധിപ്പിക്കുന്ന സ്ഥിതിയാണ് രാജ്യത്തുള്ളത്. 2021ൽ ജൂലായിൽ 852.50 രൂപയായിരുന്ന ഗാര്‍ഹിക സലിണ്ടറിന്റെ വില നിലവില്‍ 1070.50 രൂപയായി. 2020 മേയ് മാസം ലിറ്ററിന് 71.26 രൂപയയായിരുന്ന പെട്രോള്‍ വില നിലവില്‍ 107.71 രൂപയാണ്. 2020ല്‍ 69.39 രൂപയായിരുന്ന ഡീസല്‍ വില 96.52 രൂപയായി.ചെലവ് കൂടുന്നതിനനുസരിച്ച് വരുമാനം വർദ്ധിക്കാത്ത സാഹചര്യത്തിൽ സാധാരണക്കാർ ജീവിതത്തെ നോക്കി ഒരത്തെും പിടിയുമില്ലാതെ നിൽക്കുകയാണ്.