ദില്ലി: സമൂഹമാധ്യമ ഉപയോക്താക്കളുടെ പരാതി കേൾക്കാൻ കമ്മിറ്റി രൂപികരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി കേന്ദ്രസര്‍ക്കാര്‍. സമൂഹമാധ്യമങ്ങളുടെ ഉള്ളടക്കത്തെയും മറ്റു പ്രശ്നങ്ങളെയും കുറിച്ചുള്ള പരാതികൾ കൈകാര്യം ചെയ്യുന്ന രീതിയ്ക്കെതിരെ ഉപയോക്താക്കൾക്ക് തന്നെ പരാതികൾ നൽകാം.ഇതിനാവശ്യമായ അപ്പീൽ കമ്മിറ്റികൾ രൂപീകരിക്കാൻ സർക്കാർ പദ്ധതിയിടുന്നതായി അധികൃതർ പറഞ്ഞു. ഇൻഫർമേഷൻ ടെക്നോളജി (ഇന്‍റർമീഡിയറി മാർഗ്ഗനിർദ്ദേശങ്ങൾ, ഡിജിറ്റൽ മീഡിയ എത്തിക്സ് കോഡ്) ചട്ടങ്ങൾ, 2021ൽ മാറ്റങ്ങൾ വരുത്തിയാണ് പാനലുകൾ രൂപീകരിക്കുന്നത്.
ഉപയോക്താക്കളുടെ പരാതികൾ 24 മണിക്കൂറിനുള്ളിൽ സ്വീകരിക്കാനും 15 ദിവസത്തിനുള്ളിൽ അവ പരിഹരിക്കാനും ഇത് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളെ സഹായിക്കും. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന വസ്തുക്കൾ മുതൽ നഗ്നത, ട്രേഡ്മാർക്ക്, പേറ്റന്‍റ് ലംഘനങ്ങൾ, തെറ്റായ വിവരങ്ങൾ, ആൾമാറാട്ടം, രാജ്യത്തിന്‍റെ ഐക്യത്തിനോ അഖണ്ഡതക്കോ ഭീഷണി ഉയർത്തുന്ന ഉള്ളടക്കം വരെ പരാതികളുടെ ഉള്ളടക്കത്തിൽ ഉൾപ്പെടുന്നു.
സമൂഹമാധ്യമങ്ങളെക്കുറിച്ചുള്ള പരാതിയിയില്‍ സ്വീകരിച്ച നടപടിയില്‍ അതൃപ്തിയുള്ള ഏതൊരു വ്യക്തിക്കും 30 ദിവസത്തിനുള്ളിൽ അപ്പീൽ കമ്മിറ്റിക്ക് അപ്പീൽ നൽകാം. 2021 ഫെബ്രുവരിയിൽ, സോഷ്യൽ മീഡിയ ആപ്ലിക്കേഷനുകൾ, ഓൺലൈൻ വാർത്താ പോർട്ടലുകൾ, വാർത്താ അഗ്രഗേറ്ററുകൾ, ഒടിടി പ്ലാറ്റ്‌ഫോമുകൾ എന്നിവയ്ക്കും വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്കുമായി ഐടി നിയമങ്ങൾ സർക്കാർ വിജ്ഞാപനം ചെയ്തിരുന്നു.