കണ്ടെത്താന്‍ സഹായിക്കണേ, നഷ്ടമായ ആ ബാഗിലാണ് റോഷന്റെ ശബ്ദലോകം

തിരുവനന്തപുരം: വഴിവക്കില്‍ നഷ്ടമായ സ്‌കൂള്‍ബാഗ് കാത്തിരിക്കുകയാണ് പ്ലസ്ടു വിദ്യാര്‍ഥിയായ റോഷന്‍. ഇനി ചുറ്റുമുള്ള ശബ്ദം കേള്‍ക്കണമെങ്കില്‍ നഷ്ടമായ ബാഗും അതിനുള്ളിലെ തന്റെ ഹിയറിങ് എയിഡും റോഷന് കിട്ടിയേ തീരു. ജഗതി ബധിര വിദ്യാലയത്തിലെ പ്ലസ്ടു വിദ്യാര്‍ഥിയും രാജാജി നഗര്‍ സ്വദേശിയുമായ റോഷന്‍ എസ് ലെനിന്റെ 1.38 ലക്ഷം വില വരുന്ന ഹിയറിങ് എയിഡ് അടങ്ങിയ ബാഗാണ് വ്യാഴാഴ്ച വൈകിട്ട് നഷ്ടമായത്.

വൈകിട്ട് 6.30ഓടെ സ്‌കൂളില്‍ നിന്ന് അച്ഛന്റെ ബൈക്കില്‍ വീട്ടിലേക്ക് മടങ്ങും വഴിയാണ് സംഭവം. ബൈക്കിന്റെ ഒരു വശത്ത് തൂക്കിയിട്ടിരുന്ന കറുത്ത ബാഗാണ് വഴിയില്‍ നഷ്ടമായത്. പനവിള ജങ്ഷനില്‍ നിന്നാണ് ബാഗില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടതെന്ന് റോഷന്റെ അച്ഛന്‍ ലെനില്‍ പറഞ്ഞു. വന്നവഴി തിരികെ പോയി പരിശോധിച്ചുവെങ്കിലും കണ്ടെത്താനായില്ല. ഡിപിഐ ജങ്ഷന്‍ മുതല്‍ പനവിള വരെയുള്ള പ്രദേശങ്ങളില്‍ എവിടെയെങ്കിലും വച്ച് നഷ്ടമാകാനാണ് സാധ്യത. മ്യൂസിയം, തമ്പാനൂര്‍, കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനുകളില്‍ ലെനിന്‍ വിവരമറിയിച്ചിട്ടുണ്ട്. ബാഗ് നഷ്ടമായ വിവരം വ്യക്തമാക്കി ഫെയ്സ്ബുക്ക് പോസ്റ്റിട്ടിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ നിരവധിപേര്‍ അന്വേഷിച്ച് വിളിക്കുന്നുണ്ടെങ്കിലും ഇതുവരെ ബാഗ് കണ്ടെത്താനായിട്ടില്ല. ഫോണ്‍: 9895444067

 

Exit mobile version