ദിലീപിന് തിരിച്ചടി; തുടരന്വേഷണ റിപ്പോര്‍ട്ട് അംഗീകരിച്ച് കോടതി, വിചാരണ ഉടന്‍ ആരംഭിക്കും

തുടരന്വേഷണ റിപ്പോര്‍ട്ട് അംഗീകരിച്ച കോടതി, ദിലീപിനും ശരത്തിനും എതിരായ കുറ്റങ്ങള്‍ നിലനില്‍ക്കുമെന്ന് അറിയിച്ചു

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണ റിപ്പോര്‍ട്ട് തള്ളണമെന്നാവശ്യപ്പെട്ട് കേസിലെ എട്ടാം പ്രതി ദിലീപും കൂട്ട് പ്രതി ശരത്തും നല്‍കിയ ഹര്‍ജി കോടതി തള്ളി. തുടരന്വേഷണ റിപ്പോര്‍ട്ട് അംഗീകരിച്ച കോടതി, ദിലീപിനും ശരത്തിനും എതിരായ കുറ്റങ്ങള്‍ നിലനില്‍ക്കുമെന്ന് അറിയിച്ചു. സെഷന്‍സ് ജഡ്ജ് ഹണി എം.വര്‍ഗീസാണ് ഹര്‍ജിയില്‍ വിധി പറഞ്ഞത്. കുറ്റപത്രം വായിച്ച് കേള്‍പ്പിക്കാന്‍ ദിലീപും ശരത്തും ഈമാസം 31 ന് ഹാജരാകണമെന്നും കോടതി നിര്‍ദ്ദേശിച്ചു. വിചാരണ നവംബര്‍ 10 ന് തുടങ്ങും.

സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ പുതുതായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നായിരുന്നു പ്രതികളുടെ വാദം. തുടരന്വേഷണ റിപ്പോര്‍ട്ട് തള്ളി വിചാരണ എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നും പ്രതികള്‍ ആവശ്യപ്പെട്ടിരുന്നു. ആദ്യ കുറ്റപത്രത്തില്‍ ദിലീപിനെതിരെ ബലാത്സംഗം അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിരുന്നത്. തുടരന്വേഷണത്തിന് പിന്നാലെ ദിലീപിനെതിരെ ഒരു കുറ്റം കൂടി ചുമത്തി. ഹൈക്കോടതി ഹാജരാക്കാന്‍ നിര്‍ദ്ദേശിച്ച ഫോണിലെ വിവരങ്ങള്‍ നീക്കിയതിനാണ് പുതിയ കുറ്റം ചുമത്തിയത്. മുംബൈയിലെ ലാബില്‍ വെച്ചും സ്വകാര്യ ഹാക്കറെ ഉപയോഗിച്ചും ദിലീപ് ഫോണുകളിലെ തെളിവുകള്‍ നശിപ്പിച്ചെന്നാണ് പ്രോസിക്യൂഷന്‍ വാദം.

നടിയെ ആക്രമിച്ച് പകത്തിയ ദൃശ്യങ്ങള്‍ ഒളിപ്പിച്ചെന്ന കുറ്റമാണ് ദിലീപിന്റെ സുഹൃത്തായ ശരത്തിനെതിരെ തുടരന്വേഷണത്തില്‍ ചുമത്തിയിട്ടുള്ളത്. തുടരന്വേഷണത്തിന് ശേഷം ശരത്തിനെ മാത്രമാണ് അറസ്റ്റ് ചെയ്തിരുന്നത്. നടിയുടെ അപകീര്‍ത്തികരമായ
ദൃശ്യങ്ങള്‍ ഐപാഡില്‍ ആക്കി ദിലീപിന്റെ ആലുവയിലെ വീട്ടിലെത്തിച്ചത് ശരത് ആണെന്നും ഈ ദൃശ്യം കാണാന്‍ തന്നെ ക്ഷണിച്ചിരുന്നതായും ബാലചന്ദ്രകുമാര്‍ മൊഴി നല്‍കിയിട്ടുണ്ട്. 112 സാക്ഷി മൊഴികളും 300ല്‍ ഏറെ അനുബന്ധ തെളിവുകളുമാണ് തുടരന്വേഷണ റിപ്പോര്‍ട്ടിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് കോടതിയില്‍ നല്‍കിയത്.

 

 

https://youtu.be/mHcS1XUbwrU

Exit mobile version