ചീരാലിൽ നാടിനെ ഭീതിയിലാക്കിയ കടുവ പിടിയിലായി.തോട്ടാമൂല ഫോറസ്‌റ്റ് ഓഫീസിന് അടുത്ത് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. 10 വയസ് പ്രായമുള്ള ആൺ കടുവയാണ് പിടിയിലായത്. പഴൂര്‍ ഭാഗത്ത് സ്ഥാപിച്ച കൂട്ടിലാണ് കുടുങ്ങിയത്. കടുവയുടെ പല്ലിന് ചെറിയ പരിക്കുണ്ട്. കടുവയെ ബത്തേരിയിലെ പരിപാലന കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. വെറ്ററിനറി ഡോക്ടർമാര്ർ കടുവയ്ക്ക് പ്രാഥമിക ചികിൽസ നടത്തും. ചീരാലിൽ ഒരു മാസത്തിനിടെ 13 വളർത്തു മൃഗങ്ങളെയാണ് കടുവ ആക്രമിച്ചത്.
വൈൽഡ് ലൈഫ് വാർഡൻ്റെ നേതൃത്വത്തിൽ വിപുലമായ സംഘമാണ് കടുവയ്ക്കായി ദിവസങ്ങളായി തെരച്ചിൽ നടത്തിയത്. ഉൾവനത്തിലടക്കംവനപാലകസംഘം തെരച്ചിൽ നടത്തിയെങ്കിലും അന്ന് ഫലമൊന്നുമുണ്ടായില്ല. മുത്തങ്ങയിൽ നിന്ന് കുങ്കി ആനകളെ എത്തിച്ച് പിടികൂടാൻ ശ്രമിച്ചെങ്കിലും അതും ഫലപ്രദമായില്ല. കടുവയെ പിടികൂടുന്നതിനായി കേരള വനംവകുപ്പിന്റെ കൂടിനൊപ്പം, കർണാടക, തമിഴ്നാട് വനംവകുപ്പുകളുടെ കൂടുകളും ചീരാലിൽ സ്ഥാപിച്ചിരുന്നു. ക്യാമറകളും സ്ഥാപിച്ചിരുന്നു.
കടുവയെ പേടിച്ച് ജനം പതിവുയാത്രകൾ പോലും ഒഴിവാക്കിയിരുന്നു. ചീരാൽ മാത്രമല്ല വയനാടിന്റെ മറ്റു ഭാഗങ്ങളും കടുവാഭീതിയിലാണ്. മീനങ്ങാടി, അമ്പലവയൽ, പുൽപള്ളി പഞ്ചായത്തുകളിലെ ജനവാസകേന്ദ്രങ്ങളിലും കടുവകളിറങ്ങുന്നുണ്ട്. ജില്ലയിൽ പലയിടത്തായി അടുത്തിടെ കടുവകൾ കൊന്നത് 24 വളർത്തുമൃഗങ്ങളെയാണ്. ബത്തേരി നഗരത്തിൽ വീട്ടുമതിൽ ചാടിക്കടക്കുന്ന കടുവയുടെ ദൃശ്യം പുറത്തുവന്നിരുന്നു.
പത്തു സംഘങ്ങളായി നടത്തിയ തിരച്ചിലിലും കടുവയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. കടുവയുടെ നീക്കം കൃത്യമായി മനസിലാക്കാൻ സാധിക്കാത്തതാണ് വനം വകുപ്പിന് ആദ്യഘട്ടത്തിൽ വെല്ലുവിളിയായത്. ഇതിനിടയിലാണ് കടുവ കുടുങ്ങിയത്