കാന്‍സര്‍ രോഗിക്ക് ജാമ്യം അനുവദിച്ചതിനെ ചോദ്യം ചെയ്ത് ഹര്‍ജി നല്‍കി ഇഡി, ഒരു ലക്ഷം രൂപ ചിലവ് ചുമത്തി സുപ്രീംകോടതി

ഡല്‍ഹി: കാന്‍സര്‍ രോഗിക്ക് ജാമ്യം അനുവദിച്ചതിനെ ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയ ഇഡിക്ക് ഒരു ലക്ഷം രൂപ ചിലവ് ചുമത്തി സുപ്രീംകോടതി. സ്റ്റേഷനറികളും ലീഗല്‍ ഫീസും കോടതി സമയവും പാഴാക്കുന്നതിനിടയാക്കി ഇത്തരമൊരു ഹര്‍ജി ഫയല്‍ ചെയ്ത എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് ചിലവ് ചുമത്തിയത്. ഇത്തരമൊരു സ്പെഷ്യല്‍ ലീവ് പെറ്റീഷനും ഇ.ഡി ഫയല്‍ ചെയ്യാന്‍ പാടില്ലായിരുന്നുവെന്ന് ജസ്റ്റിസ് എംആര്‍ ഷായുടെ നേതൃത്വത്തിലുള്ള ബെഞ്ച് ആരോപിച്ചു. കേസില്‍ ഇടപെടാന്‍ വിസമ്മതിച്ച ജസ്റ്റിസ് എംആര്‍ ഷാ , ജസ്റ്റിസ് എം.എം.സുന്ദ്രേഷ് എന്നിവരടങ്ങിയ ബെഞ്ച്, പ്രതിക്ക് മാരകരോഗവും അര്‍ബുദവും ഉണ്ടായിരുന്നുവെന്നും തുടര്‍ന്ന് ജാമ്യത്തില്‍ വിട്ടയച്ചുവെന്നും ചൂണ്ടിക്കാട്ടി.

ഒരു ലക്ഷം രൂപ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ ശമ്പളത്തില്‍ നിന്ന് ഈടാക്കാനാണ് കോടതി നിര്‍ദേശം. നാലാഴ്ച്ചക്കകം കോടതി ചുമത്തിയ ചിലവ് തുക സുപ്രീം കോടതി രജിസ്ട്രിയില്‍ കെട്ടിവയ്ക്കാന്‍ ഇഡിയോട് കോടതി നിര്‍ദേശിച്ചു. പിഴ തുകയില്‍ 50,000 രൂപ ന്യൂഡല്‍ഹിയിലെ നാഷണല്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റിയിലേക്കും 50,000 രൂപ സുപ്രീം കോടതിയുടെ മീഡിയേഷന്‍ ആന്‍ഡ് കണ്‍സിലിയേഷന്‍ പ്രോജക്ട് കമ്മിറ്റിയിലേക്കും നല്‍കണമെന്നും ബെഞ്ച് നിര്‍ദേശിച്ചു.

 

Exit mobile version