ന്യൂയോർക്ക്: യുഎസിൽ കാറും മറ്റൊരു വാഹനവും കൂട്ടിയിടിച്ച് മൂന്ന് ഇന്ത്യൻ വിദ്യാർത്ഥികൾ മരിച്ചു. പ്രേം കുമാർ റെഡ്ഡി ഗോഡ (27), പാവനി ഗുല്ലപ്പള്ളി (22), സായി നരസിംഹ പാടംസെട്ടി (22) എന്നിവരാണ് മരിച്ചത്. മൂവരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി ബെർക്ക്ഷെയർ ഡിസ്ട്രിക്ട് അറ്റോർണി ഓഫീസ് വ്യാഴാഴ്ച പ്രസ്താവനയിൽ അറിയിച്ചു. പടിഞ്ഞാറൻ മസാച്യുസെറ്റ്സിലാണ് അപകടമുണ്ടായത്.
അപകടത്തിൽ നാല് വിദ്യാർത്ഥികൾ അടക്കം അഞ്ച് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. വൈകിട്ട് 5.30 ഓടെയാണ് കാറും മറ്റൊരു വാഹനവും കൂട്ടിയിടിച്ചത്. കാറിലുണ്ടായിരുന്ന മറ്റുള്ളവരെ ബെർക്ക്ഷെയർ മെഡിക്കൽ സെന്ററിലേക്ക് കൊണ്ടുപോയി. കാറിലുണ്ടായിരുന്നവർ ഇന്റർനാഷണൽ കോളേജ് വിദ്യാർത്ഥികളാണെന്നും ആറ് പേർ ന്യൂ ഹേവൻ യൂണിവേഴ്സിറ്റിയിലും ഒരാൾ സേക്രഡ് ഹാർട്ട് യൂണിവേഴ്സിറ്റിയിലും പഠിക്കുന്നവരാണെന്നും തിരിച്ചറിഞ്ഞു.
കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെയും ഇന്ത്യൻ കോൺസുലേറ്റിനെയും പൊലീസ് വിവരം അറിയിച്ചു. അപകടത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകാൻ കഴിയുന്ന സാക്ഷികളോട് മുന്നോട്ട് വരണമെന്ന് പൊലീസ് ആവശ്യപ്പെട്ടു.
Discussion about this post