ദക്ഷിണേന്ത്യന്‍ സിനിമകളില്‍ മലയാളവും തമിഴും തെലുങ്കുമെല്ലാം പലപ്പോഴും അത്ഭുതങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ കന്നഡ സിനിമ മാത്രം മാറാന്‍ തയ്യാറായിരുന്നില്ല. കന്നഡ സിനിമകളിലെ നാടകീയ അഭിനയങ്ങളും മസാല കണ്ടെന്റുകളും അവരെ അല്പം പിന്നോട്ടടിച്ചു. കന്നഡ ചിത്രങ്ങള്‍ക്ക് കേരളത്തില്‍ അയിത്തമുണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു. സാന്‍ഡല്‍ വുഡിനെ മലയാളി സമൂഹം വെറും ട്രോള്‍വുഡായി മാത്രമാണ് അന്ന് കണ്ടിരുന്നത്. എന്നാല്‍ കാലം മാറി. ഒപ്പം കന്നഡ സിനിമയും.
കെജിഎഫ് സിനിമയുടെ വമ്പന്‍ വിജയമാണ് കേരളത്തില്‍ കന്നഡ ചിത്രങ്ങള്‍ക്കു സ്വീകാര്യത കൂട്ടിയത്. കെജിഎഫിന്റെ വിജയം സാന്‍ഡല്‍ വുഡിനാകെ ഉണര്‍വ്വുനല്‍കി. അതിന്റെ ചുവടുപിടിച്ച് കഥയും സാങ്കേതികതയും മേക്കിങ്ങും കൂടുതല്‍ മെച്ചപ്പെടുത്താൻ അക്ഷീണ പരിശ്രമം നടത്തുകയാണ് കന്നഡ സിനിമാമേഖല.
വളർത്തുനായയുമായുള്ള ഹൃദയബന്ധത്തിന്റെ കഥപറഞ്ഞ രക്ഷിത് ഷെട്ടി ചിത്രം ‘777 ചാര്‍ലി’ കേരളത്തിലും വമ്പന്‍ ഹിറ്റായി. ഇപ്പോള്‍ ഋഷഭ് ഷെട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ ‘കാന്താര’യും സാന്‍ഡല്‍വുഡില്‍നിന്നു കേരളത്തിലെത്തി മിന്നും വിജയം കരസ്ഥമാക്കുകയാണ്.
ഇന്ത്യന്‍ സിനിമാ വ്യവസായത്തിന് ഒരു റോളര്‍ കോസ്റ്റര്‍ റൈഡായിരുന്നു 2022ല്‍ സംഭവിച്ചത്. ബോളിവുഡ് സൂപ്പര്‍ താരങ്ങള്‍ അഭിനയിച്ച നിരവധി സിനിമകള്‍ ബോക്‌സ് ഓഫിസില്‍ ദുരന്തമായപ്പോൾ ദക്ഷിണേന്ത്യന്‍ ചിത്രങ്ങള്‍, പ്രത്യേകിച്ചും കന്നഡ ചിത്രങ്ങള്‍ മുമ്പെങ്ങുമില്ലാത്തവിധം പ്രേക്ഷകരെ ആകര്‍ഷിച്ചു. ബോളിവുഡ് സിനിമകളെയും മറ്റ് ഇന്ത്യന്‍ ഭാഷാ ചിത്രങ്ങളെയും മറികടന്ന് കന്നഡ ചിത്രങ്ങള്‍ ആഗോള വിപണിയില്‍ നേട്ടം കൊയ്യുകയാണ്. 2018 ലെ കെജിഎഫ് ചാപ്റ്റര്‍ 1 ല്‍ യാത്ര ആരംഭിച്ച കന്നഡ സിനിമയുടെ ജൈത്രയാത്ര മറ്റ് പ്രാദേശിക ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് വെല്ലുവിളിയായി തുടരുകയാണ്.
സാന്‍ഡല്‍വുഡിലെ ത്രിമൂര്‍ത്തികള്‍
2013 ല്‍ ഇറങ്ങിയ ലൂസിയ എന്ന സിനിമയാണ് കന്നഡ സിനിമയിൽ വിപ്ളവകരമായ മാറ്റത്തിനു തുടക്കമിട്ടത്. പുതുയുഗപ്പിറവിയിൽ കന്നഡ സിനിമയിലേക്ക് കാലെടുത്ത് വെച്ച ത്രിമൂർത്തികളെ കുറിച്ചാണ് ഇനി പറയാന്‍ പോകുന്നത്.
കന്നഡ സിനിമയെന്നാല്‍ പലര്‍ക്കും കെജിഎഫും യാഷുമാണ്. എന്നാല്‍ കന്നഡ സിനിമയെ നിലവിൽ നയിക്കുന്നത് മൂന്ന് ഷെട്ടിമാര്‍ ആണ്. രാജ് ഷെട്ടി, രക്ഷിത് ഷെട്ടി, ഋഷബ് ഷെട്ടി. ഇവര്‍ അക്ഷരാര്‍ത്ഥത്തില്‍ കന്നഡ സിനിമയെ ലോകനിലവാരത്തിലേക്ക് കൈ പിടിച്ചു ഉയര്‍ത്തുകയായിരുന്നു. പേരിലുള്ള സാമ്യം മാത്രമല്ല ഇവര്‍ തമ്മില്‍ ഉള്ളത്. മൂന്ന് പേരും ഒരേ സമയം നടനും, എഴുത്ത്കാരനും, സംവിധായകനും ആണ്. മാത്രമല്ല ഇവര്‍ മൂന്ന് പേരും പരസ്പരം പ്രൊജക്ടുകളില്‍ സഹകരിക്കാറുമുണ്ട്. ഇത്തരത്തില്‍ മള്‍ട്ടി ടാസ്‌കിംഗ് ആയ ത്രിമൂര്‍ത്തികള്‍ മറ്റേതെങ്കിലും ചലച്ചിത്രമേഖലയില്‍ ഒരേ സമയം നിലനിന്നിരുന്നോ എന്ന് സംശയം ആണ്. ഒരു പിടി മികച്ച കലാമൂല്യമുള്ള ചിത്രങ്ങള്‍ ആണ് ഇവര്‍ മൂന്ന് പേരും കൂടി കന്നഡ സിനിമയ്ക്ക് സമ്മാനിച്ചത്. ബംഗളൂരു കേന്ദ്രമാക്കി മുന്നോട്ട് പോയിരുന്ന കന്നഡ സിനിമയെ ദക്ഷിണ കർണാടകയുടെ സംസ്കാരത്തിലേക്ക് ചേർത്തുവയ്ക്കുന്ന സിനിമകളാണ് ഇവർ സൃഷ്ടിച്ചത്.
https://youtu.be/mHcS1XUbwrU
ഉളിദവരു കണ്ടന്തെ ,റിക്കി , കിറിക് പാര്‍ട്ടി, ഒന്ഡ് മൊട്ടയെ കഥ , സര്‍ക്കാരി , അവനെ ശ്രീമന്‍ നാരായണ , ഗരുഡ ഗമന റിഷബ വാഹന , ചാര്‍ളി 777, ഏറ്റവും ഒടുവില്‍ ഇപ്പോള്‍ ഇതാ കന്താര. ഇവരുടേതായി ഇനി പുറത്തിറങ്ങാനുള്ള ഒരു പിടി നല്ല പ്രൊജക്ടുകള്‍ കൂടിയുണ്ട്. നാല്‍പ്പത് വയസ്സ് പോലും തികഞ്ഞിട്ടില്ലാത്ത മൂവരും ആണ് കന്നഡ സിനിമയുടെ ഭാവി എന്ന് നിസ്സംശയം പറയാം.