പുതു ചരിത്രമെഴുതി ബിസിസിഐ‍; വനിതാതാരങ്ങൾക്കും പുരുഷൻമാർക്ക് തുല്യമായ വേതനം

പ്രഖ്യാപനവുമായി ജയ് ഷാ

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് രംഗത്ത് ചരിത്രപരമായ പ്രഖ്യാപനവുമായി ബിസിസിഐ. ഇനി മുതല്‍ പുരുഷ ക്രിക്കറ്റ് ടീം അംഗങ്ങള്‍ക്കുള്ള അതേ മാച്ച് ഫീസ് ആകും വനിത ടീം അംഗങ്ങള്‍ക്കും നല്‍കുക. ഇന്ത്യന്‍ ക്രിക്കറ്റ് രംഗത്തെ വിവേചനം അവസാനിപ്പിക്കാനുള്ള പ്രധാന ചുവടുവയ്പ്പാണിതെന്ന് ബിസിബിഐ സെക്രട്ടറി ജയ് ഷാ ട്വീറ്ററിലൂടെ അറിയിച്ചു. ലിംഗപരമായ തുല്യത ഉറപ്പാക്കുന്ന പുതിയ യുഗത്തിലേക്ക് ഇന്ത്യന്‍ ക്രിക്കറ്റ് രംഗം കടന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.


ഇനി മുതല്‍ പുരുഷ- വനിത ടീമുകള്‍ക്കുള്ള വേതനം ഇത്തരത്തിലായിരിക്കും. ടെസ്റ്റ് (15 ലക്ഷം). ഏകദിനം (ആറു ലക്ഷം) ട്വന്റി20 (മൂന്നു ലക്ഷം).
അന്താരാഷ്‌ട്ര ക്രിക്കറ്റിൽ അതിശക്തമായ മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുന്ന വനിതാ ക്രിക്കറ്റിന് ദീപാവലി സമ്മാനമെന്നാണ് താരങ്ങളുടെ പ്രതികരണം. ഇന്ത്യൻ ക്രിക്കറ്റിൽ വനിതാ താരങ്ങൾ ഇന്ന് പുരുഷതാരങ്ങളോളം പ്രശസ്തരായിക്കഴിഞ്ഞു. ലോകോത്തര പ്രകടനത്തോടെ മിഥാലി രാജും ഝൂലാൻ ഗോസ്വാമിയും ഉണ്ടാക്കിയ തരംഗം ചെറുതല്ല. നിലവിൽ ഹർമൻപ്രീതിന്റെ നായകത്വത്തിൽ സ്മൃതി മന്ഥാനയും ഷെഫാലിയും ജെർമി റോഡ്രിഗ്‌സും ദീപ്തി ശർമ്മയും കളം നിറയുകയാണ്.
2017 ലോകകപ്പ് ക്രിക്കറ്റിൽ റണ്ണേഴ്‌സ് അപ്പായ ടീം 2020ലും ഫൈനലിലെത്തി. കോമൺവെൽത്ത് ഗെയിംസിൽ വെള്ളിമെഡലും നേടി സ്ഥിരതയാർന്ന പ്രകടനമാണ് നടത്തുന്നത്.

Exit mobile version