തിരുവനന്തപുരം: വിഴിഞ്ഞം സമരം റിപ്പോർട്ട് ചെയ്തുകൊണ്ടിരുന്ന മാധ്യമ പ്രവർത്തകരെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചാനൽ ക്യാമറകൾ തകർക്കുകയും ചെയ്ത സംഭവത്തിൽ കേരള പത്ര പ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. സമരക്കാരുടെ ആവശ്യങ്ങൾ ജനങ്ങളിലും ഭരണാധികാരികളിലും എത്തിക്കുന്നത് മാധ്യമങ്ങളാണ്. ദുരിതമനുഭവിക്കുന്ന മത്സ്യ ത്തൊഴിലാളികളുടെ പ്രശ്നങ്ങളാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നത്. ഇന്ന് കരയിലും കടലിലും സമരം റിപ്പോർട്ട് ചെയ്തു മടങ്ങി വരുന്ന വഴിയാണ് മാധ്യമ സംഘത്തെ ഒരു വിഭാഗം പുരോഹിതന്മാരുടെ നേതൃത്വത്തിൽ ആക്രമിക്കാൻ തുനിഞ്ഞത്. സംഘർഷ ദൃശ്യങ്ങൾ ചിത്രീകരിക്കരുതെന്ന് ആവശ്യപ്പെട്ടായിരുന്നു അക്രമം.
മീഡിയ വൺ, ഏഷ്യാനെറ്റ് ചാനലുകളുടെ ക്യാമറകൾ തകർത്തു. കൈരളി, ഏഷ്യാനെറ്റ്, മീഡിയ വൺ, ജനം, റിപ്പബ്ലിക് ടി വി ചാനലുകളുടെ റിപ്പോർട്ടർമാരെയും ക്യാമറമാന്മാരെയും കയ്യേറ്റം ചെയ്യാനും ഭീഷണിപ്പെടുത്താനും ശ്രമിച്ചു. 24 ന്യൂസിന്റെ ഡ്രൈവർക്ക് കല്ലേറിൽ തലയ്ക്കു പരിക്കേറ്റു.
വൈദികർ അടക്കമുള്ളവർ വനിത മാധ്യമ പ്രവർത്തകരോട് അറപ്പുളവാക്കുന്ന ഭാഷയിലാണ് സംസാരിച്ചത്. ഇത്തരം അക്രമങ്ങൾ ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ല. ഉച്ചവരെ ലൈവ് റിപ്പോർട്ടിങ് നടത്തിയ ചാനലുകാർക്ക് പിന്നീട് മടങ്ങിപ്പോരേണ്ട സാഹചര്യമാണ് ഉണ്ടായത്.
അക്രമം നടത്തിയവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ക്യാമറ നശിപ്പിച്ചതിനു നഷ്ടപരിഹാരം നൽകണമെന്നും യൂണിയൻ ജില്ലാ പ്രസിഡന്റ് സാനു ജോർജ് തോമസും സെക്രട്ടറി അനുപമ ജി നായരും ആവശ്യപ്പെട്ടു.
അക്രമ വിവരം അറിഞ്ഞയുടൻ യൂണിയൻ ജനറൽ സെക്രട്ടറി ആർ കിരൺബാബു സഭാ നേതൃത്വവുമായി സംസാരിക്കുകയും ശക്തമായ പ്രതിഷേധം അറിയിക്കുകയും ചെയ്തു.
വിഴിഞ്ഞം സമരം; മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ചു, പ്രതിഷേധിച്ച് കെ.യു.ഡബ്ള്യയു.ജെ
വൈദികർ അടക്കമുള്ളവർ വനിത മാധ്യമ പ്രവർത്തകരോട് അറപ്പുളവാക്കുന്ന ഭാഷയിലാണ് സംസാരിച്ചത്
