വിഴിഞ്ഞം: നൂറാം ദിവസത്തിലേക്ക് കടന്ന് വിഴിഞ്ഞം തുറമുഖ സമരം. കരയിലും കടലിലും സമരം നടത്തി നൂറാം ദിനത്തിൽ സമരം കടുപ്പിക്കാനാണ് ലത്തീൻ അതിരൂപതയുടെ തീരുമാനം. വിഴിഞ്ഞം തുറമുഖനിര്‍മാണം നിര്‍ത്തി വച്ച് തീരശോഷണം പഠിക്കണമെന്ന സമര സമിതിയുടെ ആവശ്യത്തില്‍ യാതൊരു പുരോഗതിയും ഇല്ല. . മുതലപ്പൊഴിയിൽ നിന്ന് കടൽ വഴി പോർട്ടിന് അടുത്തെത്തി ശക്തമായ മുന്നറിയിപ്പ് നൽകാനാണ് സമരസമിതിയുടെ നീക്കം. ഒപ്പം മുല്ലൂരിലും വിഴിഞ്ഞത്തും മുതലപ്പൊഴിയിലും ബഹുജന കൺവെൻഷനും നടക്കും.
സമരസമിതിയുടെ നേതൃത്വത്തിൽ ഒക്ടോബർ 17 തിങ്കളാഴ്ച്ച തിരുവനന്തപുരത്ത് 8 കേന്ദ്രങ്ങളിൽ വള്ളങ്ങളുമായി എത്തി സമരക്കാർ ദേശീയപാത ഉപരോധിച്ചിരുന്നു. ആറ്റിങ്ങൽ, കഴക്കൂട്ടം, സ്റ്റേഷൻകടവ്, ചാക്ക, തിരുവല്ലം, വിഴിഞ്ഞം, പൂവാർ, ഉച്ചക്കട എന്നിവിടങ്ങളിൽ രാവിലെ എട്ടരയോടെ ആരംഭിച്ച ഉപരോധം വൈകിട്ട് മൂന്ന് മണിവരെ നീണ്ടു.
കഴിഞ്ഞ ജുലൈ 20 നാണ് മത്സ്യത്തൊഴിലാളികൾ സമരത്തിന് ഇറങ്ങിയത്. സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിയിരുന്ന സമരം ഫലം കാണാതായതോടെ വിഴിഞ്ഞം തുറമുഖ കവാടത്തിലേയ്ക്ക് സമരവേദി മാറ്റി. തങ്ങൾ മുന്നോട്ടുവെച്ച ഏഴിന ആവശ്യങ്ങള്‍ അംഗീകരിക്കാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന തീരുമാനത്തിലാണ് സമരസമിതി. ഇന്നത്തെ ഉപരോധ സമരം കൂടുതൽ ശക്തിപ്പെടുത്താനാണ് സമരസമിതിയുടെ തീരുമാനം.
കോടതിയില്‍ നിലവിലുളള കേസുകളിലെ വിധിയും സമരത്തിന്റെ ഭാവിയില്‍ നിര്‍ണായകമാണ്. സമരം അനന്തമായി നീളുമ്പോള്‍ സര്‍ക്കാര്‍ സമ്മര്‍ദത്തിലാകുമെന്നും ആവശ്യങ്ങളില്‍ അനുകൂല നിലപാട് ഉണ്ടാകുമെന്നുമാണ് സമരസമിതി പ്രതീക്ഷിക്കുന്നത്.
Discussion about this post