കോഴിക്കോട്ട് വീണ്ടും ഷിഗല്ലെ രോഗം സ്ഥിരീകരിച്ചു

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി ആരോഗ്യവകുപ്പ്

 

കോഴിക്കോട്: ജില്ലയില്‍ വീണ്ടും ഷിഗല്ലെ രോഗം സ്ഥിരീകരിച്ചു. കാരശ്ശേരി പഞ്ചായത്തിലാണ് ഷിഗല്ലെ രോഗം സ്ഥിരീകരിച്ചത്. രണ്ട് കുട്ടികള്‍ക്കാണ് ബാക്ടീരിയ ബാധിച്ചത്. ഇവരുടെ കുടുംബാംഗങ്ങളില്‍ ചിലരില്‍ രോഗലക്ഷണങ്ങള്‍ കണ്ടതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യവകുപ്പ് ഊര്‍ജ്ജിതമാക്കി. കാരശ്ശേരി പഞ്ചായത്തിലെ ഒന്ന്, പതിനെട്ട് വാര്‍ഡുകളിലാണ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ആറും പത്തും വയസ്സുള്ള ആണ്‍കുട്ടികളിലാണ് ബാക്ടീരിയ സ്ഥിരീകരിച്ചത്. ഇതില്‍ പത്ത് വയസ്സുകാരനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പഞ്ചായത്തുമായി ചേര്‍ന്ന് ആരോഗ്യ വകുപ്പ് പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതമാക്കി. പ്രതിരോധ നടപടികളുടെ ഭാഗമായി പഞ്ചായത്തിലെ ഭക്ഷണശാലകള്‍, ഇറച്ചികടകള്‍, മത്സ്യമാര്‍ക്കറ്റ് എന്നിവടങ്ങളില്‍ പ്രത്യേക സ്‌ക്വാഡ് പരിശോധന തുടങ്ങി.

എല്ലാ വാര്‍ഡുകളിലും ബോധവത്കരണ ക്ലാസുകളും സംഘടിപ്പിക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. മലിന ജലത്തിലൂടെ ബാക്ടീരിയ ശരീരത്തിനുള്ളിലേക്ക് കടക്കുന്നതാണ് ഷിഗെല്ലയ്ക്ക് കാരണം. കഠിനമായ പനി രോഗത്തെ മൂര്‍ച്ഛിപ്പിക്കുകയും ചെയ്യുന്നു. വയറിളക്കത്തിന് പുറമെ വയറുവേദനയും ചര്‍ദിയും ഇതിന്റെ പ്രധാന ലക്ഷണങ്ങള്‍. ചൂടാക്കിയ വെള്ളം മാത്രം കുടിക്കുക,വീടും പരിസരവും വ്യത്തിയായി സൂക്ഷിക്കുക,കൈകള്‍ എപ്പോഴും വൃത്തിയായി കഴുകുക,ഭക്ഷണം എപ്പോഴും അടച്ച് സൂക്ഷിക്കുക എന്നിവയാണ് പ്രധാനപ്പെട്ട പ്രതിരോധ മാര്‍ഗങ്ങള്‍.

 

Exit mobile version