തിരുവനന്തപുരം: പീഡനപരാതിയില്‍ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി ജാമ്യം നേടിയത് കള്ളത്തെളിവുകള്‍ ഹാജരാക്കിയാണെന്ന് പരാതിക്കാരി. ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും പരാതിക്കാരി പറഞ്ഞു. പരാതിയില്‍ നിന്ന് പിന്‍മാറണമെന്നും എല്‍ദോസിനെതിരെ മൊഴി നല്‍കരുതെന്നും ആവശ്യപ്പെട്ട് നിരന്തരം ഭീഷണി കോളുകള്‍ വരുന്നുവെന്ന് കാണിച്ച് പരാതിക്കാരി തിരുവനന്തപുരം സൈബര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഒരു വനിതാ കോണ്‍ഗ്രസ് പ്രവര്‍ത്തകയാണ് ഭീഷണി സന്ദേശം അയയ്ക്കുന്നതെന്നും എല്‍ദോസ് കുന്നപ്പിള്ളി തന്നെ മാനസികമായി പീഡിപ്പിക്കുകയാണെന്നും പരാതിക്കാരി ആരോപിച്ചു. തനിക്ക് എന്ത് സംഭവിച്ചാലും എല്‍ദോസ് കുന്നപ്പിള്ളിയാണ് ഉത്തരവാദിയെന്നും പരാതിക്കാരി പറഞ്ഞു.
അതേസമയം, പീഡനപരാതിയില്‍ എല്‍ദോസിനെ മൂന്നാം ദിവസവും തിരുവനന്തപുരത്ത് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുകയാണ്. എല്‍ദോസിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും. അതേസമയം, പരാതിക്കാരിക്ക് വേണ്ട സുരക്ഷയൊരുക്കാന്‍ ആഭ്യന്തരവകുപ്പിനോട് ആവശ്യപ്പെടുമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ പി.സതീദേവി പറഞ്ഞു.