തിരുവനന്തപുരം: ഗവര്‍ണറുടെ കത്തില്‍ താന്‍ പ്രതികരിക്കുന്നത് ശരിയല്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് മറുപടി നല്‍കിയിട്ടുണ്ട്. താന്‍ നടത്തിയത് പരസ്യ പ്രതികരണമാണ്. അക്കാര്യത്തില്‍ ഇനിയൊരു വിശദീകരണത്തിന്റെയോ പ്രതികരണത്തിന്റെയോ ആവശ്യമില്ല. ഇന്ത്യയില്‍ തന്നെ ഇത്തരം സംഭവങ്ങളുണ്ടോയെന്ന് തനിക്കറിയില്ല. ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ കത്തും തിരിച്ച് നല്‍കിയ കത്തും താന്‍ കണ്ടിട്ടില്ല. ഭരണഘടനാപരമായി കാര്യങ്ങള്‍ നടക്കും. മന്ത്രിമാരെ നിശ്ചയിക്കുന്നത് മുഖ്യമന്ത്രിയാണെന്നും മന്ത്രി പറഞ്ഞു.
ധനമന്ത്രിയില്‍ ഉള്ള പ്രീതി നഷ്ടമായെന്ന് കാണിച്ചാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചത്. ഗവര്‍ണര്‍ക്കെതിരായ ബാലഗോപാലിന്റെ പ്രസംഗമാണ് നടപടിക്ക് ആധാരം. എന്നാല്‍ പ്രസംഗം ഗവര്‍ണറെ അപമാനിക്കുന്നത് അല്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കി.
18നായിരുന്നു ധനമന്ത്രിയുടെ പ്രസംഗം. വൈസ് ചാന്‍സലര്‍മാര്‍ക്ക് സുരക്ഷാ ഭടന്മാര്‍ വരെയുള്ള യുപി പോലെയുള്ള സ്ഥലങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് കേരളത്തിലെ സര്‍വകലാശാലകളെ മനസിലാക്കാന്‍ പ്രയാസമാണെന്നായിരുന്നു ധനമന്ത്രിയുടെ വാക്കുകള്‍. ഒക്ടോബര്‍ 19ന് വിവിധ മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകളും ഗവര്‍ണര്‍ കത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. മന്ത്രിയുടെ പ്രസംഗത്തിന് ശേഷം കള്ള് കച്ചവടത്തില്‍ നിന്നും വരുമാനം കണ്ടെത്തുന്ന ധനമന്ത്രി തനിക്ക് വിദ്യാഭ്യാസത്തെ കുറിച്ച് ക്ലാസ് എടുക്കേണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു. ഗവര്‍ണറുടെ പ്രതിച്ഛായ തകര്‍ക്കാനും പദവിയുടെ അന്തസ് താഴ്ത്തിക്കെട്ടുന്നതുമാണ് പ്രസംഗമെന്ന് കത്തില്‍ പറയുന്നു.
Discussion about this post