അര്‍ഹിക്കുന്ന അവജ്ഞയോടെ ഗവര്‍ണറുടെ ആവശ്യം തള്ളണം; പ്രതികരണവുമായി സതീശന്‍

ഗവര്‍ണര്‍ക്ക് മന്ത്രിമാരെ പിന്‍വലിക്കാന്‍ അധികാരമില്ലെന്നും ഇത് വ്യാജ ഏറ്റുമുട്ടലാണെന്നും വി ഡി സതീശന്‍ ആരോപിച്ചു

തിരുവനന്തപുരം: ധനമന്ത്രി കെ എന്‍ ബാലഗോപാലിനെതിരായ ഗവര്‍ണറുടെ കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഗവര്‍ണര്‍ക്ക് മന്ത്രിമാരെ പിന്‍വലിക്കാന്‍ അധികാരമില്ലെന്നും ഇത് വ്യാജ ഏറ്റുമുട്ടലാണെന്നും വി ഡി സതീശന്‍ ആരോപിച്ചു. സര്‍ക്കാരും ഗവര്‍ണറും സര്‍വകലാശാല വിഷയത്തിലടക്കം ഒരു നിലപാട് സ്വീകരിച്ചിരുന്നു. പല വിഷയത്തില്‍ നിന്നും ശ്രദ്ധതിരിക്കാനാണ് ഈ നീക്കമെന്നും അദ്ദേഹം ആരോപിച്ചു.

ലോകത്തില്‍ എവിടെയാണ് ഇത്തരത്തില്‍ ഗവര്‍ണര്‍ മുന്‍പ് കത്ത് നല്‍കിയത്? അര്‍ഹിക്കുന്ന അവജ്ഞയോടെ ഗവര്‍ണറുടെ ആവശ്യം തള്ളണം. പൊലീസ് അതിക്രമം, ലൈംഗിക ആരോപണം തുടങ്ങിയ വിഷയങ്ങള്‍ സര്‍ക്കാരിനെതിരെയുണ്ട്. ഏറ്റുമുട്ടല്‍ ആണെന്ന് വരുത്തി തീര്‍ക്കുകയാണ്.

ലാവ്‌ലിന്‍ കേസ് പല തവണ മാറ്റി വച്ചു. സ്വപ്നയുടെ ആരോപണങ്ങള്‍ ഗൗനിക്കണ്ട എന്നാണ് സിപിഐഎം നിലപാട്. സോളാറില്‍ ഒരു നിലപാട് സ്വപ്നയുടെ കാര്യത്തില്‍ മറ്റൊരു നിലപാട്. പ്രതിപക്ഷം ആരുടെ ഒപ്പം എന്ന ചോദ്യം വേണ്ട. വിഷയാധിഷ്ഠിതം ആണ് നിലപാട്. ഗവര്‍ണറുടെയും സര്‍ക്കാരിന്റെയും കൂട്ട് കച്ചവടമാണ്. ഗവര്‍ണര്‍ക്ക് ആഗ്രഹം ലൈം ലൈറ്റില്‍ നില്‍ക്കാനാണെന്ന് വി ഡി സതീശന്‍ പറഞ്ഞു.

ധനമന്ത്രിയില്‍ ഉള്ള പ്രീതി നഷ്ടമായെന്ന് കാണിച്ചാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചത്. ഗവര്‍ണര്‍ക്കെതിരായ ബാലഗോപാലിന്റെ പ്രസംഗമാണ് നടപടിക്ക് ആധാരം. എന്നാല്‍ പ്രസംഗം ഗവര്‍ണറെ അപമാനിക്കുന്നത് അല്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കി.

Exit mobile version