ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷനായി കർണാടകത്തിൽനിന്നുള്ള മുതിർന്ന നേതാവ് മല്ലികാർജുൻ ഖാർഗെ ചുമതലയേറ്റു. എ.ഐ.സി.സി. ആസ്ഥാനത്ത് രാവിലെ 10.30-ന് തുടങ്ങിയ ചടങ്ങിൽ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി ചെയർമാൻ മധുസൂദൻ മിസ്ത്രി ഖാർഗെയ്ക്ക് വിജയ സർട്ടിഫിക്കറ്റ് കൈമാറി. പിന്നാലെ സോണിയാ ഗാന്ധിയിൽനിന്ന് അധികാരമേറ്റെടുത്തു. 137 വർഷത്തെ പാർട്ടിയുടെ ചരിത്രത്തിൽ തിരഞ്ഞെടുപ്പിലൂടെ അധ്യക്ഷനാവുന്ന ആറാമത്തെയാളായി ഖാർഗെ മാറി. 24 വർഷത്തിനുശേഷം അധ്യക്ഷപദവി ഗാന്ധികുടുംബത്തിനുപുറത്ത് ഒരാൾ വഹിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. അധ്യക്ഷനായി ചുമതലയേല്‍ക്കുന്നതിന് മുമ്പായി ബുധനാഴ്ച രാവിലെ രാജ്ഘട്ടില്‍ മഹാത്മാ ഗാന്ധിയുടെ സമാധിയില്‍ ഖാര്‍ഗെ പുഷ്പാര്‍ച്ചന നടത്തിയിരുന്നു.
കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മുതിർന്ന നേതാവ് രമേശ് ചെന്നിത്തല, പി.സി. വിഷ്ണുനാഥ്, വി.പി. സജീന്ദ്രൻ, എം.എം. നസീർ, ജയ്സൺ ജോസഫ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കാൻ ഡൽഹിയിലെത്തി.
ചടങ്ങിന് സാക്ഷിയായി മുൻഅധ്യക്ഷൻ രാഹുൽഗാന്ധി, ജനറൽ സെക്രട്ടറി പ്രിയങ്കാഗാന്ധി എന്നിവരും ഉണ്ടായിരുന്നു. ദീപാവലിയും അധ്യക്ഷന്റെ സ്ഥാനാരോഹണവും പ്രമാണിച്ച് മൂന്നുദിവസം ഭാരത് ജോഡോ യാത്രയ്ക്ക് അവധിനൽകിയാണ് രാഹുൽ ഡൽഹിയിലെത്തിയത്. വ്യാഴാഴ്ച തെലങ്കാനയിൽ യാത്രതുടരും. അധ്യക്ഷതിരഞ്ഞെടുപ്പിലെ തോൽവിയിലും തിളങ്ങിയ ശശി തരൂരും ഖാർഗെ ചുമതലയേൽക്കുന്ന പരിപാടിയിൽ പങ്കെടുത്തു.ബുധനാഴ്ച വൈകിട്ട് ഗുജറാത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുചേരുന്ന കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗമാവും ഖാർഗെയുടെ ആദ്യ ഔദ്യോഗിക പരിപാടി. രമേശ് ചെന്നിത്തലയാണ് സ്‌ക്രീനിങ് കമ്മിറ്റി ചെയർമാൻ.
Discussion about this post