കറന്‍സിയില്‍ ലക്ഷ്മിയുടെയും ഗണപതിയുടെയും ചിത്രങ്ങള്‍ വേണം; മോദിക്ക് കത്തയക്കുമെന്ന് കേജ്‌രിവാള്‍

കറന്‍സിയുടെ ഒരുഭാഗത്ത് ഗാന്ധിയുടെയും മറുഭാഗത്ത് ലക്ഷ്മിയുടെയും ഗണപതിയുടെയും ചിത്രം ഉള്‍പ്പെടുത്തണമെന്നാണ് അഭ്യര്‍ത്ഥന

ന്യൂഡല്‍ഹി: പുതിയ കറന്‍സി നോട്ടുകളില്‍ ലക്ഷ്മീദേവിയുടെയും ഗണപതിയുടെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തണമെന്നു ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍. ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അരവിന്ദ് കേജ്‌രിവാളിന്റെ ആവശ്യം. പുതിയ കറന്‍സി നോട്ടുകളുടെ ഒരുഭാഗത്ത് മഹാത്മാഗാന്ധിയുടെയും മറുഭാഗത്ത് ലക്ഷ്മീദേവിയുടെയും ഗണപതിയുടെയും ചിത്രം ഉള്‍പ്പെടുത്തണമെന്നാണ് അഭ്യര്‍ത്ഥന. ഇങ്ങനെ ചെയ്യുന്നതിലൂടെ രാജ്യത്ത് അഭിവൃദ്ധിയുണ്ടാകുമെന്നാണ് കേജ്‌രിവാള്‍ പറഞ്ഞത്.

നമ്മള്‍ എത്ര ആത്മാര്‍ഥമായി പരിശ്രമിച്ചാലും ചില സമയങ്ങളില്‍ ദൈവങ്ങളുടെ അനുഗ്രഹമില്ലെങ്കില്‍ നമ്മുടെ പ്രയത്‌നങ്ങള്‍ ഫലംകാണില്ല. നമ്മുടെ കറന്‍സി നോട്ടുകളില്‍ ലക്ഷ്മീദേവിയുടെയും ഗണപതിയുടെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അഭ്യര്‍ഥിക്കുന്നു. രാജ്യത്തിന്റെ സാമ്പത്തിക നില മെച്ചപ്പെടണമെങ്കില്‍ ഈശ്വരാനുഗ്രഹം കൂടി വേണം. മുസ്ലിം രാജ്യമായ ഇന്തൊനീഷ്യ കറന്‍സി നോട്ടില്‍ ഗണപതിയുടെ ചിത്രം ഉള്‍പ്പെടുത്തിയെങ്കില്‍ ഇന്ത്യയെ പോലെയുള്ള ഒരു രാജ്യത്തിന് എന്തുകൊണ്ട് ഇത്തരം തീരുമാനങ്ങള്‍ സ്വീകരിച്ചു കൂടായെന്നുമായിരുന്നു കേജ്‌രിവാള്‍ പറഞ്ഞത്. ഈ കാര്യം ആവശ്യപ്പെട്ട് വൈകാതെ തന്നെ പ്രധാനമന്ത്രിക്ക് കത്തയയ്ക്കുമെന്നും കേജ്‌രിവാള്‍ പറഞ്ഞു.

 

Exit mobile version