80ന്റെ ചുറുചുറുക്കിൽ ഖാർഗെ, കോൺഗ്രസ് അദ്ധ്യക്ഷനായി ചുമതലയേറ്റു

സോണിയ ഗാന്ധി ഇനി വിശ്രമത്തിലോ?

ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും പ്രായം ചെന്ന രാഷ്ട്രീയ പാർട്ടിക്ക് 80 വയസിന്റെ അനുഭവസമ്പത്തുള്ള അദ്ധ്യക്ഷൻ.  ചിലർ നെഗറ്റീവായും മറ്റ് ചിലർ പോസിറ്റീവായും  പറയുന്ന കാര്യമാണിത്. എന്തായാലും  24 വർഷത്തെ ഇടവേളയ്ക്ക് ശേഷം കോൺഗ്രസിനെ നയിക്കാൻ ഗാന്ധി കുടുംബത്തിന് പുറത്തു നിന്നുള്ള നായകനെത്തുകയാണ്. അതും ഒരു ദക്ഷിണേന്ത്യക്കാരൻ ദളിതൻ. മപ്പണ്ണ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. അംബേദ്കറേയും ബുദ്ധനേയും ആരാധിക്കുന്നയാൾ. വക്കീൽ കുപ്പായം അഴിച്ച് വച്ച് രാഷ്ട്രീയത്തിലിറങ്ങിയ ബഹുഭാഷാ പണ്ഢിതൻ. കബഡി ഹോക്കി എന്നിവയിൽ സംസ്ഥാന ജേതാവായിരുന്ന കായികതാരം. ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തൻ. ഇന്ന് രാവിലെ 10ന് എ.ഐ.സി.സി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഖാർഗെ സോണിയാ ഗാന്ധിയില്‍ നിന്ന് ചുമതലയേറ്റെടുത്തു.

സൊല്ലില്ലാത സർദാര എന്നാണ് കർണാടകക്കാർ പ്രിയ നേതാവിനെ വിശേഷിപ്പിക്കുന്നത്. തോൽവിയറിയാത്ത നേതാവ് എന്നാണ് ഈ പേരിനർത്ഥം. തുടർച്ചയായി ഒമ്പതു തവണ ഗുർമിത്കാൽ മണ്ഡലത്തിലെ എം.എൽ.എയായ ഖാർഗെ തോൽവിയുടെ രുചി അറിഞ്ഞിട്ടുണ്ടെന്നതാണ് യാഥാർത്ഥ്യം. 2019ലായിരുന്നു അത്. സ്വന്തം ബൂത്ത് ഏജന്റിനോടാണ് ഖാർഗെ പരാജയപ്പെട്ടത്.

ദരിദ്ര കുടുംബത്തിൽ ജനിച്ച ഖാർഗെ കുടിയേറ്റത്തിന്റെ നോവുകളറിഞ്ഞാണ് വളർന്നത്. ഹൈദരാബാദ്-കര്‍ണാടക മേഖലയില്‍ ബിദര്‍ ജില്ലയിലുള്ള ഭാല്‍കിയിലെ വരവട്ടി ഗ്രാമത്തിലാണ് ഖാര്‍ഗെ കുടുംബത്തിന്‍റെ വേരുകൾ. ഏഴ് വയസ്സുള്ളപ്പോഴാണ് ഖാര്‍ഗെയും കുടുംബവും സമീപജില്ലയായ ഗുല്‍ബര്‍ഗ എന്ന് അറിയപ്പെട്ടിരുന്ന കല്‍ബുര്‍ഗിയിലേക്ക് താമസം മാറിയത്. അക്കാലത്തെ വര്‍ഗീയ  സംഘര്‍ഷത്തില്‍ അമ്മയെ ഖാര്‍ഗെയ്ക്ക് നഷ്ടമായി. അതുകൊണ്ടാവണം എക്കാലവും വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്കെതിരായ ശക്തമായ നിലപാടുകളെടുക്കാൻ ഖാർഗെയ പ്രേരിപ്പിച്ചത്.

കല്‍ബുര്‍ഗിയിലെ കോളേജില്‍ പഠിക്കവെ, വിദ്യാർത്ഥി യൂണിയനുകളിലൂടെ രാഷ്ട്രീയ രംഗത്തെത്തി. നിയമപഠനത്തിനിടെ സിനിമാതിയേറ്ററിൽ ജോലി ചെയ്താണ് ഖാർഗെ പഠിക്കാനുള്ള പണം കണ്ടെത്തിയത്. അഭിഭാഷകനായപ്പോൾ തൊഴിലാളി യൂണിയനുകളുടെ കേസുകളായിരുന്നു വാദിച്ചതിലേറെയും. കൽബുർഗിജില്ലയിലെ തൊഴിലാളി യൂണിയൻ നേതാവിൽ നിന്ന് പടിപടിയായി ഉയർന്നാണ് കോൺഗ്രസിന്റെ തലപ്പത്തേക്ക് ഖാർഗെ എത്തുന്നത്.

കേന്ദ്രത്തിലും കര്‍ണാടകത്തിലും മന്ത്രിയായി പ്രവര്‍ത്തിച്ചിട്ടുള്ള ഖാര്‍ഗെ കോണ്‍ഗ്രസിന്റെ ലോക്‌സഭാ കക്ഷി നേതാവും രാജ്യസഭയിലെ കക്ഷി നേതാവും പ്രതിപക്ഷ നേതാവുമായിരുന്നു. രാധാഭായിയാണ് ഖാർഗെയുടെ ജീവിത സഖി. പ്രിയങ്ക് ഖാര്‍ഗെ, രാഹുല്‍ ഖാര്‍ഗെ, മിലിന്ദ് ഖാര്‍ഗെ എന്നിങ്ങനെ മൂന്ന് ആണ്‍ മക്കളും പ്രിയദര്‍ശിനി ഖാര്‍ഗെ, ജയശ്രീ എന്നിങ്ങനെ രണ്ട് പെണ്‍ മക്കളുമുണ്ട്. പ്രിയങ്ക് ഖാര്‍ഗെ നിലവില്‍ കോണ്‍ഗ്രസ് എം.എല്‍.എയും മുന്‍ കര്‍ണാടക മന്ത്രിയുമാണ്. നെഹ്‌റു കുടുംബത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് മക്കള്‍ക്ക് ഖാര്‍ഗെ പേര് നല്‍കിയതെന്നാണ് കുടുംബക്കാർ പറയുന്നത്.

പാർട്ടി അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള പോരാട്ടത്തിൽ 7897 വോട്ടുകൾക്ക് ശശിതരൂരിനെ തോല്പിച്ച്  ഖാർഗെ തലപ്പത്തേക്ക് എത്തുമ്പോൾ കോണ്‍ഗ്രസിന് പ്രതീക്ഷയും ആശങ്കയും ഒരുപോലെയുണ്ട്. ശേഷം ഖാർഗെയ്ക്ക് പാർട്ടി വിട്ടുകൊടുത്ത് ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്ന സോണിയ വിശ്രമജീവിതം നയിക്കുമെന്നും രാഹുൽ ജനകീയ പ്രശ്നങ്ങളിൽ വ്യാപൃതനാകുമെന്നും പറയുന്നവരുമുണ്ട്.  മറിച്ച് ഗാന്ധി കുടുംബത്തിന്റെ  വിശ്വസ്തനായ ഖാർഗെ റിമോട്ട് കണ്‍ട്രോളില്‍ പ്രവർത്തിക്കുന്ന അധ്യക്ഷനാവുമെന്നും പ്രവചിക്കുന്നവരുണ്ട്. എന്നാൽ അങ്ങനൊന്നുണ്ടാകില്ലെന്നാണ് ഖാർഗെ പറയുന്നത്. കോൺഗ്രസിൽ കൂട്ടായാണ് തീരുമാനങ്ങൾ സ്വീകരിക്കുന്നത്. വര്‍ക്കിങ് കമ്മിറ്റി, പാര്‍ലമെൻ്ററി ബോര്‍ഡ്, ഇലക്ഷൻ കമ്മിറ്റി എന്നിങ്ങനെയുള്ള സമിതികളുണ്ട്. കോൺഗ്രസിൻ്റെ നിയന്ത്രണം ഗാന്ധികുടുംബത്തിനാണെന്ന പ്രതിച്ഛായ ചിലര്‍ സൃഷ്ടിക്കുന്നതാണെന്നും മല്ലികാര്‍ജുൻ ഖാര്‍ഗെ ആരോപിച്ചു.

എന്തായാലും ഗാന്ധി കുടുംബത്തിന്റെ വരുതിയിൽ നിന്നും മുക്തനായ, ഒരു സ്വതന്ത്ര അധ്യക്ഷനാവുക എന്നുള്ളതാണ് ഖാർഗയ്ക്ക് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി. അദ്ദേഹം എടുക്കുന്ന എതൊരു തീരുമാനവും ഈ തലത്തില്‍ നിന്നുകൊണ്ടായിരിക്കും വിലയിരുത്തപ്പെടുക.

 

Exit mobile version