കോയമ്പത്തൂർ സ്ഫോടനം; ജമേഷ മുബിന്‍റെ ഉക്കടത്തെ ബന്ധുവീടുകളിൽ പരിശോധനക്കെത്തി തമിഴ്നാട് പൊലീസ്

കോയമ്പത്തൂർ: ജമേഷ മുബിന്റെ ബന്ധുക്കളുടെ വീടുകളിൽ പൊലീസ് പരിശോധന. ഉക്കടം ഭാഗത്തെ മുബിനുമായി ബന്ധമുള്ളവരുടെ വീടുകളിലാണ് തമിഴ്നാട്  പൊലീസ് എത്തിയത്.  കോയമ്പത്തൂര്‍ സ്ഫോടനക്കേസ് അന്വേഷണം എന്‍ഐഎ ഇന്ന് തന്നെ ഏറ്റെടുത്തേക്കുമെന്ന് റിപ്പോർട്ട് പുറത്തു വന്നിരുന്നു. എന്‍ഐഎ ഡിഐജി കെ ബന്ദന, എസ്‍പി ശ്രീജിത്ത് എന്നിവരുൾപ്പെടെയുള്ള എന്‍ഐഎ സംഘം കോയമ്പത്തൂരിലെത്തി. മുതിര്‍ന്ന തമിഴ് പൊലീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച്ച നടത്തി.

 

കോയമ്പത്തൂർ സ്ഫോടനം ചാവേർ ആക്രമണമെന്ന നിർണായക തെളിവ് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. സ്ഫോടനത്തിൽ മരിച്ച ജമേഷ മുബീന്‍റെ വാട്സ് ആപ്പ് സ്റ്റാറ്റസ് പൊലീസ് കണ്ടെടുത്തു.’തന്‍റെ മരണവിവരം അറിയുമ്പോൾ തെറ്റുകൾ പൊറുത്ത് മാപ്പാക്കണം’, ‘സംസ്കാര ചടങ്ങിൽ പങ്കെടുത്ത് പ്രാർത്ഥിക്കണം’ എന്നിങ്ങനെയാണ് സ്ഫോടനത്തിന്‍റെ തലേദിവസം  ജമേഷ മുബീന്‍ വാട്സ് ആപ്പ് സ്റ്റാറ്റസ് ആയിട്ടത്. വാട്സ് ആപ്പ് സ്റ്റാറ്റസ് അന്വേഷണസംഘം പുറത്ത് വിട്ടിട്ടില്ല.

ജമേഷ മുബിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ കോയമ്പത്തൂരിലെ ക്ഷേത്രങ്ങൾ, കളക്ടറേറ്റ്, കമ്മീഷണർ ഓഫീസ് എന്നിവയുടെ വിവരങ്ങളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. മുബിന്റെ ശരീരത്തിൽ തീ എളുപ്പം കത്തിപ്പിടിക്കുന്ന രാസലായിനിയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ ശരീരഭാഗങ്ങൾ വിദഗ്ധ പരിശോധനയ്‌ക്ക് അയച്ചു. ഇതല്ലൊം ചാവേറാക്രമണത്തിലേക്കാണ് വഴി ചൂണ്ടുന്നത്.

പെട്രോൾ കാർ ആണ് സ്‌ഫോടനത്തിനു ഉപയോഗിച്ചത്. കാറിൽ പാചകവാതക സിലിണ്ടറുകൾ സൂക്ഷിച്ചിരുന്നതായും പാചക വാതക സിലിണ്ടറുകള്‍ തുറന്നുവിട്ടും കാറിൽ ആണികളും മാർബിൾ ചീളുകളും വിതറിയും സ്ഫോടനത്തിന്റെ ആഘാതം വർധിപ്പിക്കാൻ മുബിൻ ശ്രമിച്ചിരുന്നതായും പൊലീസ് കണ്ടെത്തിയിരുന്നു. ജമേഷ മ‍ുബിന്റെ വാട്‌സാപ് സ്‌റ്റാറ്റസുമായി ബന്ധപ്പെട്ട വിവരങ്ങൾ കോയമ്പത്തൂർ പൊലീസ് മറച്ചു വച്ചതായി ബിജെപി ആരോപിച്ചു. ഭീകരാക്രമണ വിവരങ്ങൾ പൊലീസ് ഒളിപ്പിച്ചത് ആസൂത്രിതമാണെന്നും ബിജെപി.

ഞായർ പുലർച്ചെ ടൗൺ ഹാളിനു സമീപം കോട്ടമേട് സംഗമേശ്വർ ക്ഷേത്രത്തിനു മുന്നിൽ കാറിലുണ്ടായ സ്ഫോടനത്തിൽ ഉക്കടം എച്ച്എംപിആർ സ്ട്രീറ്റിലെ ജമേഷ മുബിൻ കൊല്ലപ്പെട്ടത്.

കേസിലെ ഒന്നാം പ്രതിയും നിരോധിത സംഘടനയായ അൽ ഉമ്മയുടെ സ്ഥാപകൻ എസ്.എ.ബാഷയുടെ സഹോദരപുത്രൻ മുഹമ്മദ് തൽക്ക (25) ,മുഹമ്മദ് അസ്ഹറുദ്ദീൻ (23), ജിഎം നഗറിലെ മുഹമ്മദ് റിയാസ് (27), ഫിറോസ് ഇസ്മായിൽ (27), മുഹമ്മദ് നവാസ് ഇസ്മായിൽ (26) എന്നിവരെ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ‌ചെയ്‌തിരുന്നു.

സ്‌ഫോടനത്തിൽ അൽ ഉമ്മയുടെ പങ്കിനെ കുറിച്ചും വിശദമായി അന്വേഷണം ആരംഭിച്ചു. മുഹമ്മദ് തൽക്കയാണ് കാർ എത്തിച്ചു നൽകിയതെന്നു കോയമ്പത്തൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ മാധ്യമങ്ങളോട് പറഞ്ഞു. 75 കിലോ സ്ഫോടക വസ്തുക്കളാണ്  ജമേഷ മ‍ുബിന്റെ വീട്ടിൽ നിന്ന്  കണ്ടെടുത്തത്. ഇത്രയും അധികം  സ്ഫോടക വസ്തുക്കള്‍ എങ്ങനെ ശേഖരിച്ചെന്നും പൊലീസ് പരിശോധിക്കും.

Exit mobile version