സൂര്യനസ്തമിക്കാത്ത സാമ്രാജ്യമെന്ന് പേരുകേട്ട ബ്രിട്ടന്റെ പ്രധാനമന്ത്രി പദം ഇതാ കിട്ടിപ്പോയ് എന്നു കരുതിയ നിമിഷമുണ്ടായിരുന്നു ഋഷി സുനകിന്റെ ജീവിതത്തിൽ. ഒന്നരമാസം മുമ്പായിരുന്നു അത്. ഏതൊരാളും മോഹിക്കുന്ന പദവി കൈയത്തും ദൂരത്തെത്തി, പിന്നീട് കപ്പിനും ചുണ്ടിനുമിടയിൽ വഴുതിപ്പോയപ്പോൾ ഋഷി സുനക് എന്ന 42 കാരൻ വിഷമിച്ചില്ല. നിരാശയിലാണ്ടില്ല. പകരം ആത്മാവിനോട് ചേർത്തുപിടിക്കുന്ന ഭഗവ്ദ്ഗദീതയിലെ വരികൾ അദ്ദേഹം ഉരുവിട്ടിട്ടുണ്ടാകണം. കര്‍മ്മണ്യേ വാധികാരസ്തേ മാഫലേഷു കദാചന എന്നവരികളായിരിക്കണം ഋഷിയുടെ മനസിൽ ഓടിയെത്തിയിട്ടുണ്ടാകുക.
കാരണം സമ്മർദം നിറയുന്ന സാഹചര്യങ്ങളിൽ ഭഗവത്ഗീത തന്റെ രക്ഷയ്ക്ക് എത്താറുണ്ടെന്നും തന്റെ കർത്തവ്യത്തെക്കുറിച്ച് ഓർമിപ്പിക്കാറുണ്ടെന്നും ഋഷി വ്യക്തമാക്കിയിരുന്നു. 2015ൽ യോക്‌ഷെറിലെ റിച്ച്മണ്ടിൽ നിന്നുള്ള എം.പിയായി തിരഞ്ഞെടുക്കപ്പെട്ട് പാർലമെന്റിൽ എത്തിയപ്പോൾ ഭഗവത്ഗീതയിൽ തൊട്ടാണ് ഋഷി സത്യപ്രതിജ്ഞ ചെയ്തത്. ഇത്തരത്തിൽ സത്യപ്രതിജ്ഞ ചെയ്യുന്ന ബ്രിട്ടനിലെ ആദ്യത്തെ എം.പിയായിരുന്നു അദ്ദേഹം.
ഒരു കാര്യം നേടണമെന്ന് നമ്മൾ ആത്മാർത്ഥമായി ആഗ്രഹിച്ചാൽ പ്രപഞ്ചം മുഴുവൻ ഒപ്പമുണ്ടാകുമെന്ന് പൌലോ കൊയ്ലോ പറഞ്ഞത് അന്വർത്ഥമാക്കി ഋഷി ആഗ്രഹിച്ച പദവി അദ്ദേഹത്തെ തേടിയെത്തി. ബ്രിട്ടീഷ് പ്രധാനമന്ത്രിയാകുന്ന ആദ്യ ഏഷ്യക്കാരൻ, ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി, ആഗോളതലത്തിൽ ഏറ്റവും ഉയർന്ന പദവിയിലെത്തുന്ന ഏഴാമത്തെ ഇന്ത്യൻ വംശജൻ, തുടങ്ങി ചരിത്രത്തിൽ നിരവധി പുതിയ അദ്ധ്യായങ്ങളെഴുതിയാണ് ഋഷിയുടെ തുടക്കം.
വെള്ളക്കാരോട് പ്രത്യേക മമത പുലത്തുന്ന ബ്രീട്ടിഷുകാർ ഇന്ത്യൻ വംശജരോട് പ്രകടമാക്കുന്ന അടുപ്പമില്ലായ്മ തിരിച്ചറിഞ്ഞതിനാലാകണം ഇന്ത്യൻ ഒറിജിൻ എന്നു വിശേഷിപ്പിക്കുന്നതിനോട് ഋഷിക്ക് അത്ര താത്പര്യമില്ല. യുകെയിൽ ജനിച്ചുവളർന്ന താനൊരു ഏഷ്യൻ വംശജനാണെന്നാണ് അദ്ദേഹം പറയാറുള്ളത്.
എന്നിരുന്നാലും ഹിന്ദു രീതികളാണ് അദ്ദേഹം പിന്തുടരുന്നത്. ബോറിസ് ജോൺസൺ മന്ത്രിസഭയിൽ ധനമന്ത്രിയായിരിക്കെ ഋഷി 11ഡൗണിങ് സ്ട്രീറ്റിലെ വസതിയിൽ ദീപാവലിക്ക് ദീപങ്ങൾ തെളിയിച്ചിരുന്നു. കുടുംബത്തിനൊപ്പം ക്ഷേത്രങ്ങളും സന്ദർശിക്കാറുമുണ്ട്. ഇന്ത്യൻ രീതികളോടും പൈതൃകത്തോടും വലിയ താത്പര്യമാണ്. ഇടയ്ക്കിടെ ബാംഗളൂരിലെത്തി ബന്ധുക്കളെ കണ്ടിരുന്നു.
പഞ്ചാബിൽ ജനിച്ച് ആദ്യം കിഴക്കൻ ആഫ്രിക്കയിലേക്കും പിന്നീട് 1960കളിൽ ബ്രിട്ടനിലേക്കും കുടിയേറിയതാണ് ഋഷിയുടെ പൂർവികർ. നാഷണൽ ഹെൽത്ത് സർവീസ് ജനറൽ പ്രാക്ടീഷണറായ യശ്‌വീർ സുനകിന്റെയും ഫാമർമസിസ്റ്റായ ഉഷയുടെയും മൂത്തമകനായി 1980 മേയ് 12നു ഹാംഷറിലെ സതാംപ്ടണിലാണ് ഋഷി സുനക് ജനിക്കുന്നത്.
വിൻചെസ്റ്റർ കോളേജിലായിരുന്നു വിദ്യാഭ്യാസം. ഓക്സ്ഫോർഡിലെ ലിങ്കൺ കോളേജിൽ തത്ത്വചിന്ത, രാഷ്ട്രീയം, സാമ്പത്തിക ശാസ്ത്രം എന്നിവ പഠിച്ചു. പിന്നീട് സ്റ്റാൻഫോർഡ് സർവകലാശാലയിൽ നിന്ന് ഫുൾബ്രൈറ്റ് സ്കോളറായി എം.ബി.എ നേടി. സ്റ്റാൻഫോർഡിൽ പഠിക്കുമ്പോഴാണ് ഋഷിയുടെ ജീവിതത്തിലേക്ക് അക്ഷത എത്തുന്നത്. ഇൻഫോസിസ് സ്ഥാപകനും കോടീശ്വരനുമായ ഇന്ത്യൻ വ്യവസായി എൻ ആർ നാരായണ മൂർത്തിയുടെ മകൾ അക്ഷത മൂർത്തിയുമായുള്ള സൌഹൃദം പ്രണയത്തിന് വഴിമാറി. 2009 ൽ ഇരുവരും വിവാഹിതരായി. ദാമ്പത്യവല്ലരിയിൽ രണ്ട് പെൺകുട്ടികളുണ്ടായി. അനൗഷ്കയും കൃഷ്ണയും.
യു.കെയിലെ ഏറ്റവും സമ്പന്നരുടെ പട്ടികയിൽ ഉൾപ്പെടുന്ന ആദ്യത്തെ മുൻനിര രാഷ്ട്രീയക്കാരനാണ് ഋഷി. ഭാര്യ അക്ഷതാ മൂർത്തിക്കൊപ്പം ഋഷി സുനകിന് 730 മില്യൺ പൗണ്ടിന്റെ ആസ്തിയുണ്ടെന്നാണ് റിപ്പോർട്ടുകൾ.
കൊവിഡ് മഹാമാരിയിൽ സാമ്പത്തികമായി ഉലഞ്ഞ ബ്രിട്ടനെ താങ്ങി നിറുത്തിയ ചാണക്യ ബുദ്ധി ജോൺസൺ മന്ത്രിസഭയിൽ ധനമന്ത്രിയായിരുന്ന ഋഷിയുടേതായിരുന്നു. അക്കാലത്ത് ബിസിനസിനും ജീവനക്കാർക്കും അനുവദിച്ച സാമ്പത്തിക പാക്കേജ് ഏറെ പ്രശംസിക്കപ്പെട്ടു. പ്രശസ്തിയുടെ നെറുകയിൽ നിൽക്കവെ, ബോറിസ് ജോൺസണുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് 2022 ജൂലായ് അഞ്ചിന് ഋഷി ധനമന്ത്രിസ്ഥാനം രാജിവച്ചു.
താമസിയാതെ വിവാദങ്ങളിൽപ്പെട്ട് ബോറിസ് സ്ഥാനമൊഴിഞ്ഞു. അടുത്ത പ്രധാനമന്ത്രി ഋഷി ആകുമെന്ന് ഏതാണ്ട് ഉറപ്പിച്ചുു. പാർട്ടി അംഗങ്ങളുടെ പിന്തുണയുമുണ്ടായിരുന്നു. പക്ഷേ, കടുത്ത വലതുപക്ഷ വാദികളായ പാർട്ടി അംഗങ്ങൾ അവസാന നിമിഷം ഋഷി സുനകിന്റെ കാലുവാരി. വംശീയവേർതിരിവെന്ന നെറികെട്ട ആയുധവും ഋഷിക്ക് തിരിച്ചടിയായി.
കാലം എല്ലാത്തിനും മറുപടി കാത്തുവച്ചിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ഋഷി പ്രവചിച്ചത് പോലെ ബ്രിട്ടനെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറ്റാൻ ലിസ് ട്രസിന്റെ നയങ്ങൾക്കായില്ല. നാണം കെട്ട് അവർക്ക് സ്ഥാനം ഒഴിയേണ്ടി വന്നു. ഈ സാഹചര്യത്തിൽ പാർട്ടിയുടെ മുഖം രക്ഷിക്കാനും ബ്രിട്ടനെ കടക്കെണിയിൽ നിന്ന് രക്ഷിക്കാനും സാമ്പത്തിക വിദഗ്ദ്ധനായ ഋഷിക്ക് കഴിയുമെന്നാണ് കൺസവേറ്റീവ് പാട്ടിയുടെ കണക്ക്കൂട്ടൽ.
ആറ് വർഷത്തിനിടെ ബ്രിട്ടനിലെ പ്രധാനമന്ത്രി കസേരയിലേക്കുന്ന അഞ്ചാമത്തെയാളാണ് ഋഷി സുനക്. സാമ്പത്തിക പ്രതിസന്ധിയും രാഷ്ട്രീയ അനിശ്ചിതത്വവും നിലനിൽക്കുന്ന ബ്രിട്ടനെ കരകയറ്റാൻ ഋഷി മാജിക് മതിയാകുമോ എന്ന് കാത്തിരുന്ന് കാണണം.
Discussion about this post