ആരോപണങ്ങള്‍ തെറ്റെങ്കില്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യൂ; ശ്രീരാമകൃഷ്ണന് സ്വപ്നയുടെ മറുപടി

പി ശ്രീരാമ കൃഷ്ണന്റെ സ്വകാര്യ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടുള്ള പോസ്റ്റാണ് സ്വപ്നയുടെ പുതിയ മറുപടി

തിരുവനന്തപുരം: ആരോപണങ്ങള്‍ നിഷേധിച്ച മുന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് ഫേസ്ബുക്കിലൂടെ മറുപടിയുമായി സ്വപ്ന സുരേഷ്. പി ശ്രീരാമ കൃഷ്ണന്റെ സ്വകാര്യ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടുള്ള പോസ്റ്റാണ് സ്വപ്നയുടെ പുതിയ മറുപടി. സ്വപ്ന സുരേഷ് ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റ് ഇങ്ങനെ,

‘ഇത് ലളിതവും വിനീതവുമായ ഒരു മറുപടിയാണ്. പി ശ്രീരാമകൃഷ്ണന്റെ എഫ്ബി പോസ്റ്റിനും അനുബന്ധ വാദങ്ങള്‍ക്കും വേണ്ടിയുള്ള ഒരു ഓര്‍മ്മപ്പെടുത്തല്‍ മാത്രമാണിത്. ഇതൊന്നും അദ്ദേഹത്തിന് ഓര്‍മയില്ലെങ്കില്‍ എനിക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യാന്‍ ഈ മാന്യനോട് അഭ്യര്‍ത്ഥിക്കുന്നു. അതോടെ ബാക്കി തെളിവുകള്‍ ബഹുമാനപ്പെട്ട കോടതിയില്‍ ഹാജരാക്കാന്‍ എനിക്ക് കഴിയും’.

ശ്രീരാമകൃഷ്ണന് നേരെ സ്വപ്ന സുരേഷ് നേരത്തെ ഉന്നയിച്ച ആരോപണങ്ങള്‍ അദ്ദേഹം നിഷേധിച്ചിരുന്നു. തനിക്കെതിരായ ആരോപണങ്ങളില്‍ സത്യത്തിന്റെ ഒരു കണികപോലും ഇല്ലെന്നും അസത്യങ്ങളും അസംബന്ധവും മാത്രമായിരുന്നുവെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. സ്ത്രീകളോട് മോശമായി പെരുമാറിയിട്ടില്ല. ആര്‍ക്കും അനാവശ്യമായ മെസേജുകള്‍ അയച്ചിട്ടില്ല. അത്തരം പരാതികള്‍ ഇതുവരെയും ആരും ഉന്നയിച്ചിട്ടുമില്ല. അറിഞ്ഞോ അറിയാതെയോ സ്വപ്ന കരുവാകുകയാണ്. അതുകൊണ്ട് ഇതിനെ രാഷ്ടീയമായി നേരിടുന്നതിനൊപ്പം നിയമപരമായ വശങ്ങളും പരിശോധിച്ചേ മുന്നോട്ട് പോകാനാകൂ. പാര്‍ട്ടിയുമായി ആലോചിച്ച് നിലപാട് സ്വീകരിക്കുമെന്നും ശ്രീരാമകൃഷ്ണന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഇതിന് പിന്നാലെയാണ് സ്വപ്നയുടെ മറുപടി.

അതേസമയം സ്വപ്നയുടെ ആരോപണങ്ങള്‍ തള്ളി കടകംപള്ളി സുരേന്ദ്രന്‍ രംഗത്തെത്തി. മൂന്ന് വര്‍ഷത്തിനിടെ ഒരിക്കല്‍ പോലും പറയാത്ത കാര്യങ്ങളാണ് ഇപ്പോള്‍ തന്റെ പേരില്‍ പറയുന്നതെന്നായിരുന്നു കടകംപള്ളിയുടെ മറുപടി.

Exit mobile version