ലൈംഗികാതിക്രമക്കേസ്; ആക്ടിവിസ്റ്റ് സിവിക് ചന്ദ്രന്‍ പൊലീസില്‍ കീഴടങ്ങി

വടകര ഡിവൈഎസ്പി ഓഫിസില്‍ എത്തിയാണ് കീഴടങ്ങിയത്

കോഴിക്കോട്: എഴുത്തുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ പ്രതിയായ ആക്ടിവിസ്റ്റ് സിവിക് ചന്ദ്രന്‍ കീഴടങ്ങി. വടകര ഡിവൈഎസ്പി ഓഫിസില്‍ എത്തിയാണ് കീഴടങ്ങിയത്. കോഴിക്കോട് അഡീഷനല്‍ സെഷന്‍സ് കോടതി സിവിക് ചന്ദ്രനു അനുവദിച്ച മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി കഴിഞ്ഞദിവസം റദ്ദാക്കിയതിനു പിന്നാലെയാണ് കീഴടങ്ങല്‍. ഏഴു ദിവസത്തിനകം പ്രതി അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ കീഴടങ്ങി ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് കോടതി ഉത്തരവിട്ടിരുന്നു.

2022 ഏപ്രില്‍ 16നു പുസ്തക പ്രകാശന ചടങ്ങിനെത്തിയ പ്രതി പിറ്റേന്നു രാവിലെ യുവതിക്കെതിരെ ലൈംഗികാതിക്രമത്തിനു മുതിര്‍ന്നു എന്നാണു പരാതി. ആരോപിക്കപ്പെട്ട കുറ്റം പ്രഥമദൃഷ്ട്യാ ബാധകമല്ലെന്ന കീഴ്‌ക്കോടതി നിഗമനം ഹൈക്കോടതി റദ്ദാക്കി. ജാതി സമ്പ്രദായത്തിന് എതിരെ പോരാടുന്ന സിവിക് ചന്ദ്രന്‍, പട്ടിക വിഭാഗക്കാരിയാണെന്ന് അറിഞ്ഞുകൊണ്ട് അതിജീവിതയെ ഉപദ്രവിച്ചുവെന്ന ആരോപണം വിശ്വസനീയമല്ലെന്നു സെഷന്‍സ് കോടതി അഭിപ്രായപ്പെട്ടിരുന്നു. ഹൈക്കോടതി ഈ നിഗമനം റദ്ദാക്കി.

അധ്യാപികയും എഴുത്തുകാരിയുമായ മറ്റൊരു യുവതിയും സിവിക് ചന്ദ്രനെതിരെ പരാതി നല്‍കിയിരുന്നു. ഏപ്രില്‍ മാസത്തിലാണ് ഈ യുവതിക്ക് നേരെ അതിക്രമം നടന്നത്. സംഭവത്തെ തുടര്‍ന്ന് നിരന്തരം ഫോണ്‍ വഴി ശല്യം തുടര്‍ന്നു എന്നും പരാതിയില്‍ പറയുന്നു. ഈ കേസില്‍ മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി അനുവദിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം കൊയിലാണ്ടി പൊലീസ് സിവിക്കിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു.

 

Exit mobile version