കോയമ്പത്തൂരിലെ കാര്‍ സ്‌ഫോടനക്കേസ്; പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തി

സംഭവത്തില്‍ അഞ്ചു പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്

കോയമ്പത്തൂര്‍: കാര്‍ സ്‌ഫോടനക്കേസിലെ പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തിയെന്ന് പൊലീസ് കമ്മിഷണര്‍. സംഭവത്തില്‍ അഞ്ചു പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നാണ് വിവരം. കൂടുതല്‍ സ്ഥലങ്ങളില്‍ പരിശോധന തുടരുന്നു. പ്രതികളില്‍ ചിലര്‍ കേരളത്തിലേക്കു വന്നെന്നും പൊലീസ് അറിയിച്ചു.

പത്തു പേര്‍ കൈമാറി വന്നതാണ് സ്‌ഫോടനത്തിന് ഉപയോഗിച്ച കാര്‍. അതിനാല്‍ തന്നെ കൂടുതല്‍ ആളുകളെ ചോദ്യം ചെയ്യുമെന്നും കമ്മിഷണര്‍ അറിയിച്ചു. അന്വേഷണം എന്‍ഐഎയ്ക്ക് കൈമാറിയിട്ടില്ല. വിവിധ അന്വേഷണ ഏജന്‍സികള്‍ വിവരങ്ങള്‍ പരിശോധിച്ചു വരികായാണെന്നും പൊലീസ് വ്യക്തമാക്കി.

ടൗണ്‍ഹാളിനു സമീപം കോട്ടമേട് സംഗമേശ്വര്‍ ക്ഷേത്രത്തിനു മുന്നിലാണ് കാര്‍ സ്‌ഫോടനം ഉണ്ടായത്. ഒക്ടോബര്‍ 23ന് പുലര്‍ച്ചെ നാലോടെയാണു സംഭവം. സ്‌ഫോടനത്തില്‍ കാറിലുണ്ടായിരുന്ന കാര്‍ ഡ്രൈവര്‍ ഉക്കടം ജിഎം നഗറിലെ ജമേഷ മുബിന്‍ (25) മരിച്ചിരുന്നു. കാറില്‍ ഇയാള്‍ മാത്രമാണു ഉണ്ടായിരുന്നത്. ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്തതായും പൊലീസ് പറഞ്ഞു. ചെക്‌പോസ്റ്റില്‍ പൊലീസിനെ കണ്ട യുവാവ് പുറത്തിറങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണു സ്‌ഫോടനം നടന്നതെന്നാണ് പൊലീസ് പറയുന്നത്. പൊള്ളാച്ചിക്കു സമീപം കഞ്ചംപെട്ടിയിലെ പ്രഭാകരന്‍ എന്നയാളുടേതാണു കാര്‍.

 

 

Exit mobile version