ബോറിസ് പിന്മാറി; ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഋഷി സുനകിന് സാധ്യതയേറി

100 എംപിമാരുടെ പിന്തുണയുള്ള ആര്‍ക്കും മത്സരിക്കാമെന്നിരിക്കെയാണ് ബോറിസ് ജോണ്‍സന്റെ പിന്മാറ്റം

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ നിന്ന് മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ പിന്മാറി. 100 എംപിമാരുടെ പിന്തുണയുള്ള ആര്‍ക്കും മത്സരിക്കാമെന്നിരിക്കെയാണ് ബോറിസ് ജോണ്‍സന്റെ പിന്മാറ്റം. സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കാന്‍ ഇന്നു 2 മണി വരെ സമയമുണ്ട്. എന്നാല്‍ 57 എംപിമാരുടെ പിന്തുണ മാത്രമാണ് ബോറിസ് ജോണ്‍സന് ഉറപ്പാക്കാനായത് എന്നാണ് പുറത്തു വരുന്ന വിവരം. മത്സരിച്ചാല്‍ താന്‍ ജയിക്കാനുള്ള സാധ്യതയുണ്ടെന്നും എന്നാല്‍ പാര്‍ട്ടിയില്‍ കെട്ടുറപ്പില്ലാതെ ഫലപ്രദമായ രീതിയില്‍ സര്‍ക്കാര്‍ മുന്നോട്ടു കൊണ്ടുപോകാനാവില്ലെന്നുമുള്ള തിരിച്ചറിവാണ് പിന്മാറ്റത്തിന് പിന്നിലെന്നും ബോറിസ് ജോണ്‍സണ്‍ വ്യക്തമാക്കി. ഇതോടെ ഇന്ത്യന്‍ വംശജനായ മുന്‍ ധനമന്ത്രി ഋഷി സുനകിന് പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് സാധ്യതയേറി.

147 എംപിമാരുടെ പരസ്യപിന്തുണ ഉറപ്പാക്കിയതിനെ തുടര്‍ന്ന് ഇന്നലെ തന്നെ ഋഷി സുനക് തന്റെ സ്ഥാനാര്‍ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. മുന്‍ തിരഞ്ഞെടുപ്പിലെ അവസാന റൗണ്ടുകളില്‍ ലിസ് ട്രസിനോടു തോറ്റ ജനസഭാ നേതാവ് പെനി മോര്‍ഡന്റും ഔദ്യോഗികമായി സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചിട്ടുണ്ട്. ആദ്യംതന്നെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച പെന്നി മോര്‍ഡന്റിന് നിലവില്‍ 29 എം.പി.മാരേ പരസ്യമായി പിന്തുണച്ചിട്ടുള്ളൂ. ഇന്ന് വൈകീട്ടോടെ 100 എം.പി.മാരുടെ പിന്തുണ ലഭിച്ചില്ലെങ്കില്‍ തിരഞ്ഞെടുപ്പ് ഒഴിവാക്കും. അതോടെ ഋഷി സുനക് പ്രധാന മന്ത്രി ആവുകയും ചെയ്യും.

ഇന്‍ഫോസിസ് സഹ സ്ഥാപകന്‍ നാരായണമൂര്‍ത്തിയുടെ മകള്‍ അക്ഷതയുടെ ഭര്‍ത്താവാണ് സുനക്. അടുത്തിടെ രാജിവച്ച പ്രധാനമന്ത്രി ലിസ് ട്രസിനെതിരെ നേതൃമത്സരത്തില്‍ കഴിഞ്ഞ മാസം പരാജയപ്പെട്ടിരുന്നു. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നു കരകയറ്റുകയാണ് തന്റെ പ്രഥമ ദൗത്യമെന്ന് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച സുനക് പറഞ്ഞിരുന്നു. അതേസമയം, ഉടന്‍ പൊതുതിരഞ്ഞെടുപ്പു നടത്തണമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം.

 

 

Exit mobile version