ചാന്‍സലറുടെ പ്രതികരണങ്ങള്‍ കേരള ജനതയോടുള്ള അവഹേളനം; ആര്‍ ബിന്ദു

കഠിനാദ്ധ്വാനം ചെയ്താണ് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ മാറ്റങ്ങള്‍ വരുത്തിക്കൊണ്ടിരിക്കുന്നത്

ഗവര്‍ണര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു രംഗത്ത്. യാതൊരു അടിസ്ഥാനവുമില്ലാതെ ഒറ്റ ദിവസം കൊണ്ടാണ് വി.സിമാരെ പുറത്താക്കാനുള്ള നിര്‍ദ്ദേശം ഗവര്‍ണര്‍ മുന്നോട്ട് വെച്ചത്. കഠിനാദ്ധ്വാനം ചെയ്താണ് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ മാറ്റങ്ങള്‍ വരുത്തിക്കൊണ്ടിരിക്കുന്നത്. അതിനെ തുരങ്കം വെയ്ക്കാനുള്ള ബോധപൂര്‍വ്വമുള്ള പെരുമാറ്റമാണ് ഗവര്‍ണറുടെ ഭാഗത്തു നിന്ന് ഉണ്ടാകുന്നതെന്ന് ജനങ്ങള്‍ മനസ്സിലാക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കേരള ജനതയോടുള്ള അവഹേളനമാണ് ചാന്‍സലറുടെ പല സന്ദര്‍ഭങ്ങളിലുള്ള പ്രതികരണങ്ങള്‍. ഏറ്റവും മികച്ച വിദ്യാഭ്യാസ ഹബ്ബായി കേരളത്തെ മാറ്റുമെന്ന് നമ്മള്‍ പറഞ്ഞ കാര്യങ്ങള്‍ അങ്ങനെ തന്നെ ചെയ്യുമെന്നും കേരളം ഒറ്റക്കെട്ടായി ഈ സന്ദര്‍ഭം നേരിടുമെന്നും മന്ത്രി പറഞ്ഞു.

ചാന്‍സലര്‍ കാലഹരണപ്പെട്ട ഫ്യൂഡല്‍ കാലത്താണെന്ന് തോന്നുന്നു. അതിനെയൊക്കെ മറിടകന്ന നാടാണ് കേരളം. ഗവര്‍ണര്‍ ഭീഷണിപ്പെടുത്തുന്ന രീതിയിലാണ് ഉന്നത വിദ്യാഭ്യാസ രംഗത്ത് ഇടപെടുന്നത്. പല കാര്യത്തിലും രാജ്യത്ത് ഒന്നാമത് കേരളമാണ്. സംസ്ഥാനത്തെ ഇകഴ്ത്തി കാട്ടുന്ന പരിശ്രമമാണ് ഗവര്‍ണര്‍ നടത്തുന്നതെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മന്ത്രിമാരെ പുറത്താക്കുമെന്ന് അദ്ദേഹം ഭീഷണിപ്പെടുത്തി. മന്ത്രി പദവി കണ്ടിട്ടല്ല പൊതുരംഗത്തേക്ക് വന്നിട്ടുള്ളത്. ഇതുവരെയും ഗവര്‍ണര്‍ പദവിയോട് ഉയര്‍ന്ന ബഹുമതി പുലര്‍ത്തി. കേരളത്തിലെ വിസിമാര്‍ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനത്തിലൂടെ സര്‍വകലാശാലകളെ മികവിന്റെ പാതയിലൂടെ മുന്നോട്ട് കൊണ്ടുപോകാന്‍ പരിശ്രമിക്കുന്നവരാണ്. സര്‍വകലാശാലകളുടെ ദൈനംദിന പ്രവര്‍ത്തനം തകര്‍ക്കുന്ന ഗവര്‍ണറുടെ നിലപാട് ഖേദകരമാണെന്നും മന്ത്രി പറഞ്ഞു.

ഉന്നത വിദ്യാഭ്യാസ രംഗത്ത് മൂന്ന് കമ്മീഷന്റെ റിപ്പോര്‍ട്ടുകള്‍ വിശകലനം ചെയ്ത് നടപ്പിലാക്കുന്നതിനുള്ള യോഗം അടുത്ത ദിവസങ്ങളില്‍ നടക്കുന്നുണ്ട്. കേരളത്തിലെ സര്‍വകലാശാലകളെ ലോകോത്തര വിദ്യാഭ്യാസ കേന്ദ്രമാക്കി മാറ്റാനുള്ള ശ്രമത്തിന് സഹായിക്കേണ്ടേ ഗവര്‍ണര്‍ ആര്‍എസ്എസിന്റെ നിര്‍ദ്ദേശ പ്രകാരമാണ് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഇതുവരെ കേരളം ഉയര്‍ത്തിപ്പിടിച്ച മതേതര മൂല്യങ്ങളെ തകര്‍ക്കാനുള്ള ശ്രമമാണ് നടത്തുന്നതെങ്കില്‍ അതിനെ എന്ത് വില കൊടുത്തും ചെറുക്കും. പ്രതിപക്ഷം ഇതുവരെ എടുത്ത നിലപാടല്ല ഇപ്പോള്‍ സ്വീകരിക്കുന്നതെന്നും ഗവര്‍ണറുടെ നടപടിയെ പ്രതിപക്ഷം പിന്തുണക്കുന്നത് കേരളത്തിന് ഗുണകരമല്ലെന്നും മന്ത്രി വിമര്‍ശിച്ചു.

 

Exit mobile version