തിരുവനന്തപുരം: സംസ്ഥാനത്തെ ഒമ്പത് സർവകലാശാല വൈസ് ചാൻസലർമാരോട് രാജി ആവശ്യപ്പെട്ട നീക്കം ഗവർണർ നേരത്തെ തന്നെ തീരുമാനിച്ചിരുന്നുവെന്ന വിവരങ്ങൾ പുറത്തുവന്നു. സാങ്കേതിക സർവകലാശാല വൈസ് ചാന്‍സലർ നിയമനം റദ്ദാക്കിയ സുപ്രീം കോടതി വിധിക്ക് പിന്നാലെയാണ് മറ്റ് സർവകലാശാല വി.സിമാരോടും ഗവർണർ രാജി ആവശ്യപ്പെട്ടത്. എന്നാൽ, സുപ്രീംകോടതി വിധിക്ക് മുന്നേ രാജ്ഭവൻ വി.സിമാർക്കെതിരായ നീക്കം തുടങ്ങിയിരുന്നു. രാജി ആവശ്യപ്പെട്ട വി.സിമാർക്ക് പകരം ചുമതല നൽകാനുള്ളവരുടെ പട്ടിക തയാറാക്കി. ഇതിനായാണ് സർവകലാശാലകളിൽ നിന്നും പ്രൊഫസർമാരുടെ പട്ടിക വാങ്ങിയത്.
പത്ത് വർഷത്തെ പ്രവർത്തനപരിചയമുള്ള പത്ത് പ്രൊഫസർമാരുടെ പട്ടികയാണ് വാങ്ങിയത്. ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മലിന് കേരള സർവകലാശാലയുടെ ചുമതല നൽകിയേക്കും. കേരള സർവകലാശാല, എം.ജി സർവകലാശാല, കുസാറ്റ്, കേരള ഫിഷറീസ് സർവകലാശാല, കണ്ണൂർ സർവകലാശാല, എ.പി.ജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല, ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല, കാലിക്കറ്റ് സർവകലാശാല, മലയാളം സർവകലാശാല വി.സിമാരോടാണ് രാജിയാവശ്യപ്പെട്ടത്. നിയമനം ചട്ടപ്രകരാമല്ലെന്ന് ചൂണ്ടിക്കാട്ടി എ.പി.ജെ. അബ്ദുൽ കലാം സാങ്കേതിക സർവകലാശാല വി.സി നിയമനം രണ്ടു ദിവസം മുമ്പ് സുപ്രിംകോടതി റദ്ദാക്കിയിരുന്നു. വി.സി നിയമനത്തിന് ഒരു പേര് മാത്രമാണ് സെർച്ച് കമ്മിറ്റിക്ക് മുന്നിൽ വെച്ചതെന്നും ഇത് യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് നിയമനം കോടതി റദ്ദാക്കിയത്. ഈ വിധി ആയുധമാക്കിയാണ് ഗവർണർ ഇപ്പോൾ ഒമ്പത് സർവകലാശാല വി.സിമാരോടും രാജിയാവശ്യപ്പെട്ടിരിക്കുന്നത്.
മറ്റ് സർവകലാശാലകളിൽ സീനിയർ പ്രൊഫസർമാർക്ക് ചുമതല നൽകും. രാജിവയ്ക്കാൻ വി.സിമാർക്ക് ഗവർണർ നൽകിയ അന്ത്യശാസനം ഇന്ന് 11.30 ന് തീരും. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഗവർണറുടെ നീക്കമെന്ന് വിശദീകരിക്കുന്നുണ്ടെങ്കിലും അതിന് മുമ്പ് തന്നെ വി.സിമാർക്കെതിരായ നടപടിക്ക് രാജ്ഭവൻ ഒരുങ്ങിയിട്ടുണ്ടെന്ന് ഇതിനോടകം വ്യക്തമായി. കേരളത്തിന്റെ ചരിത്രത്തിൽ തന്നെ അസാധാരണമായ നീക്കവുമായാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്തെത്തിയിരിക്കുന്നത്. സംസ്ഥാനത്തെ ഒമ്പത് സർവകലാശാല വി.സിമാരോട് ഗവർണർ രാജിയാവശ്യപ്പെടുകയായിരുന്നു. ഇന്ന് രാവിലെ 11.30ന് മുമ്പ് ഒമ്പത് വി.സിമാരും രാജിവെക്കണമെന്നാണ് ആവശ്യം.