കോയമ്പത്തൂർ സ്ഫോടനം; അന്വേഷണം ഊർജിതമാക്കാൻ ആറംഗ സംഘത്തെ നിയോഗിച്ചു

സ്ഫോടനത്തിൽ പൊട്ടിത്തെറിച്ച കാർ 9 തവണ കൈമാറ്റം ചെയ്തത്

കോയമ്പത്തൂർ: ഉക്കടത്ത് ടൗൺ ഹാളിന് സമീപം ചാവേറാക്രമണത്തിന് ഉപയോഗിച്ചു എന്ന് സംശയിക്കുന്ന കാ‍ർ 9 തവണ കൈമാറ്റം ചെയ്തതതാണെന്ന് കണ്ടെത്തി. പൊള്ളാച്ചിയിൽ രജിസ്റ്റർ ചെയ്ത മാരുതി 800 കാറാണ് സ്ഫോടനത്തിന് ഉപയോഗിച്ചത്.സാധാരണ ചാവേർ ആക്രമണങ്ങളിൽ പിന്തുടരുന്ന രീതി തന്നെയാണ് ഇവിടെയും ഉള്ളതെന്ന് പൊലീസ് പറഞ്ഞു. സ്ഫോടനം നടന്ന കാറിനുള്ളിൽ മാർബിൾ പാളികളും ആണികളും കണ്ടെത്തി. സ്ഫോടനത്തിന്‍റെ തീവ്രത വർദ്ധിപ്പിക്കാനാണ് ഇവ നിറച്ചതെന്നാണ് നിഗമനം. കാറിനുള്ളിൽ പാചകവാതക സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്. പൊട്ടിത്തെറിക്കാത്ത നിലയിൽ ഒരു പാചകവാതക സിലിണ്ട‍ർ കൂടി കാറിനകത്ത് കണ്ടെത്തി.

ഉക്കടത്തെ തിരക്കേറിയ ക്ഷേത്രത്തിന് സമീപമാണ് ഇന്ന് വെളുപ്പിന് സ്ഫോടനം നടന്നത്. സമീപത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന ഒരു പൊലീസ് എയ്ഡ് പോസ്റ്റ് ഉണ്ട്. പരിശോധനയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് സ്ഫോടനം നടന്നതെന്നും പൊലീസ് സംശയിക്കുന്നു. ചാവേറെന്ന് സംശയിക്കുന്ന ജെയിംഷ മുബിന്‍റെ സുഹൃത്തുക്കളെയും ഇയാളുമായി ബന്ധമുള്ളവരെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

സ്ഫോടനത്തിൽ കൊല്ലപ്പെട്ട ഉക്കടം സ്വദേശിയും എഞ്ചിനീയറിങ് ബിരുദധാരിയുമായ ജമേഷ മുബിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തുക കൂടി ചെയ്തതോടെ നടന്നത് ചാവേറാക്രമണം തന്നെയാണെന്ന് ഉറപ്പിക്കുകയാണ് പൊലീസ്. പൊട്ടാസ്യം നൈട്രേറ്റ്, ചാർകോൾ, സൾഫ‌ർ, അലുമിനിയം പൗഡ‌ർ എന്നിവയാണ് ഇയാളുടെ വീട്ടിൽ നിന്ന് കണ്ടെത്തിയത്.

സംഭവത്തെ തുടർന്ന് തമിഴ്നാട് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. 6 സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം. തമിഴ്നാട് ഡിജിപി സി ശൈലേന്ദ്ര ബാബുവും എഡിജിപി താമരയ്ക്കണ്ണനും കോയമ്പത്തൂരിലെത്തി സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു. എ.ഡി.ജി.പി കോയമ്പത്തൂരിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.

 

Exit mobile version