തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ രംഗത്ത് കൈകടത്താനുള്ള കേന്ദ്രസര്‍ക്കാരിൻ്റെ ഏറ്റവും പുതിയ ശ്രമമാണ് കേരള ഗവര്‍ണറുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്. ഭരണഘടന മൂല്യങ്ങള്‍ക്ക് വിരുദ്ധമായി തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത് നമ്മുടെ ഫെഡറല്‍ തത്വങ്ങള്‍ക്ക് എതിരാണ്. വൈസ് ചാന്‍സലര്‍മാര്‍ രാജി സമര്‍പ്പിക്കണമെന്ന തിട്ടൂരം ജനാധിപത്യത്തിൻ്റെ എല്ലാ സീമകളും ലംഘിക്കുന്നതാണെന്ന് കെ സി വേണുഗോപാൽ പറഞ്ഞു.
എന്നാല്‍ സര്‍വ്വകലാശാലകളിലെ 9 വൈസ് ചാന്‍സിലര്‍മാര്‍ രാജി വെക്കണമെന്നുള്ള ഗവര്‍ണറുടെ അന്ത്യശാസനം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സ്വാഗതം ചെയ്യുകയായിരുന്നു . ഈ നിലപാടിനെ തള്ളിപ്പറഞ്ഞുകൊണ്ടാണ് കെ സി വേണുഗോപാലിൻ്റെ പ്രതികരണം. കെ സി വേണുഗോപാലിൻ്റെ പ്രതികരണത്തിന് ശേഷംനടത്തിയ വാര്‍ത്താ സമ്മേളനത്തിലും വി ഡി സതീശന്‍ ഗവര്‍ണര്‍ക്കനുകൂലമായ
മുന്‍ നിലപാട് ആവര്‍ത്തിച്ചു. ചെന്നിത്തലയും ഗവർണർക്ക് പിന്തുണച്ചതോടെ കോൺഗ്രസിലും UDF ലും ഭിന്നത രൂക്ഷമായി.
നേരത്തെ മുസ്ലീംലീഗും പ്രതിപക്ഷ നേതാവിൻ്റെ നിലപാടിന് വിരുദ്ധമായ സമീപനമായിരുന്നു വിഷയത്തില്‍ കൈക്കൊണ്ടത്. ഗവർണറുടെ നടപടി അതിരു കടന്നതും ജനാധിപത്യ വിരുദ്ധവുമാണെന്ന് ലീഗ് വ്യക്തമാക്കി. ഗവർണ്ണർ സംഘ പരിവാർ രാഷ്ട്രീയം കളിക്കുകയാണ്. അദ്ദേഹത്തിന്റെ ചരിത്രം എല്ലാവർക്കും അറിയാം. ഗവർണർ അതിരു കടക്കുകയാണ്. ലീഗ് ജനറൽ സെക്രട്ടറി പി.എൻ.എ സലാം പറഞ്ഞു.