ചരിത്രത്തിലാദ്യമായി കൂട്ടരാജി ആവശ്യപ്പെട്ട് ഗവര്‍ണര്‍; 9 വി.സിമാരും നാളെ രാജി വെക്കണമെന്ന് നിര്‍ദ്ദേശം

കേരള, എം.ജി, കുസാറ്റ്, ഫിഷറീസ്, കണ്ണൂര്‍, കാലടി, സാങ്കേതിക സര്‍വകലാശാല, കാലിക്കറ്റ്, മലയാളം സര്‍വകലാശാലാ വിസിമാരോടാണ് രാജി ആവശ്യപ്പെട്ടിരിക്കുന്നത്

തിരുവനന്തപുരം: ഒന്‍പത് സര്‍വകലാശാല വി.സിമാരോടും രാജിവയ്ക്കാനാവശ്യപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേരള, എം.ജി, കുസാറ്റ്, ഫിഷറീസ്, കണ്ണൂര്‍, കാലടി, സാങ്കേതിക സര്‍വകലാശാല, കാലിക്കറ്റ്, മലയാളം സര്‍വകലാശാലാ വിസിമാരോടാണ് നാളെ രാവിലെ 11.30ന് മുമ്പ് രാജി വെക്കണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടത്. ചരിത്രത്തിലാദ്യമായാണ് ഇത്തരത്തില്‍ കൂട്ടരാജി ആവശ്യപ്പെടുന്നത്.

സാങ്കേതിക സര്‍വകലാശാല വിസിയെ പുറത്താക്കിയ സുപ്രിം കോടതി വിധിക്കെതിരെ പുനഃപരിശോധന ഹര്‍ജി നല്‍കുന്നതില്‍ സര്‍ക്കാര്‍ നിയമോപദേശം തേടിയിട്ടുണ്ട്. എപിജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാലയുടെ (കെടിയു) വൈസ് ചാന്‍സലര്‍ ഡോ. എം.എസ്.രാജശ്രീയുടെ നിയമനമാണ് കഴിഞ്ഞ ദിവസം സുപ്രീം കോടതി റദ്ദാക്കിയത്. ജസ്റ്റിസ് എം.ആര്‍.ഷാ അധ്യക്ഷനായ ബെഞ്ചിന്റേതായിരുന്നു വിധി. യുജിസി ചട്ടമനുസരിച്ചും 2015ലെ സര്‍വകലാശാലാ നിയമം അനുസരിച്ചും വിസി നിയമനത്തിനായി മൂന്നില്‍ കുറയാതെ പേരുകളുള്ള പാനലാണ് സേര്‍ച് കമ്മിറ്റി ചാന്‍സലര്‍ക്കു നല്‍കേണ്ടത്. ഇവിടെ ഒരു പേരു മാത്രമാണു നല്‍കിയതെന്ന് കോടതി കണ്ടെത്തിയതോടെയായിരുന്നു നിയമനം റദ്ദാക്കിയത്.

ഗവര്‍ണര്‍ക്കെതിരെ നവംബര്‍ 15ന് രാജ്ഭവനു മുന്നില്‍ ധര്‍ണ നടത്താന്‍ എല്‍ഡിഎഫ് തീരുമാനിച്ചതിന് പിന്നാലെയാണ് ഗവര്‍ണര്‍ വിസിമാരോട് രാജി ആവശ്യപ്പെട്ടിരിക്കുന്നത്. ഗവര്‍ണര്‍ നടത്തുന്നത് അധികാരദുര്‍വിനിയോഗമാണെന്നു എം.വി.ഗോവിന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഗവര്‍ണറുടെ വഴിവിട്ട നീക്കങ്ങള്‍ സംഘപരിവാര്‍ അജന്‍ഡയാണെന്നും സര്‍വകലാശാലകളുടെ സ്വയംഭരണാധികാരം തകര്‍ക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

 

 

Exit mobile version