കത്തികള്‍, ചുറ്റിക, മുളകുപൊടി; കൊലയ്ക്ക് ശേഷം ചതുപ്പില്‍ താഴ്ത്തിയ ബാഗ് കണ്ടെടുത്തു

കൊലപാതക ശേഷം ശ്യാംജിത്തിന്റെ മാനന്തേരിയിലെ വീടിന് സമീപത്താണ് ആയുധങ്ങള്‍ ഒളിപ്പിച്ചത്

കണ്ണൂര്‍: പാനൂരില്‍ പ്രണയം നിരസിച്ചതിന്റെ പേരില്‍ വിഷ്ണുപ്രിയ എന്ന പെണ്‍കുട്ടിയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുത്തു. കേസിലെ പ്രതി ശ്യാംജിത്തുമായി പൊലീസ് നടത്തിയ തെളിവെടുപ്പിലാണ് 2 കത്തികള്‍, ചുറ്റിക, കൊലപാതക സമയത്ത് പ്രതി ധരിച്ചിരുന്ന വസ്ത്രങ്ങള്‍, മുളകുപൊടി, പവര്‍ ബാങ്ക്, സ്‌ക്രൂഡ്രൈവര്‍, തൊപ്പി, കൈയുറകള്‍ എന്നിവ കണ്ടെടുത്തത്.

കൊലപാതക ശേഷം ശ്യാംജിത്തിന്റെ മാനന്തേരിയിലെ വീടിന് സമീപത്ത് ആയുധങ്ങള്‍ ഒളിപ്പിച്ചു എന്ന് പ്രതി മൊഴി നല്‍കിയിരുന്നു. തുടര്‍ന്നാണ് പ്രതിയെ പ്രദേശത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയത്.

വീടിന് സമീപമുള്ള ഒരു ചതിപ്പില്‍ ആയുധങ്ങള്‍ ബാഗില്‍ കെട്ടി താഴ്ത്തിയ നിലയിലായിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും ചുറ്റികയും ബാഗില്‍ നിന്നും കണ്ടെടുത്തു. കൂടാതെ രക്തം പുരണ്ട വസ്ത്രവും കണ്ടെടുത്തി. കൊലപാതകം തടയാന്‍ വിഷ്ണുപ്രിയ ശ്രമിച്ചാല്‍ അത് തടയാന്‍ മുഖത്തെറിയാന്‍ സൂക്ഷിച്ചിരുന്ന മുളകുപൊടിയും ബാഗിലുണ്ടായിരുന്നു. വെട്ടുകല്ല് ബാഗിനുള്ള വച്ചാണ് ചതുപ്പില്‍ താഴ്ത്തിയത്.

അതേസമയം, പരിയാരത്തെ കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ വിഷ്ണുപ്രിയയുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. പ്രതിയെ വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കും. ഇന്ന് വൈകിട്ടാകും വിഷ്ണുപ്രിയയുടെ സംസ്‌കാരം.

പ്രണയത്തില്‍ നിന്ന് പിന്മാറിയതിന്റെ പേരിലാണ് പാനൂര്‍ വള്ള്യായി സ്വദേശിനി വിഷ്ണുപ്രിയയെ കൂത്തുപറമ്പ് മാനന്തേരി സ്വദേശി ശ്യാംജിത്ത് കൊലപ്പെടുത്തിയത്. കൊലപാതകത്തിനായി എത്തിയ പ്രതിയെ വീഡിയോ കോളിലൂടെ തത്സസമയം കണ്ട വിഷ്ണുപ്രയുടെ സുഹൃത്ത് കേസില്‍ പ്രധാന സാക്ഷിയാകും.

Exit mobile version