യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ എം.എല്‍.എ എല്‍ദോസ് കുന്നപ്പിള്ളിലിനെ 6 മാസത്തേക്ക് കോണ്‍ഗ്രസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് എല്‍ദോസ് നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ പറഞ്ഞു. എല്‍ദോസിന് കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം കിട്ടിയതിന് പിന്നാലെയാണ് കോണ്‍ഗ്രസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.
എല്‍ദോസിനെതിരെ പുറത്തുവന്ന ആരോപണങ്ങളില്‍ അദ്ദേഹം കെപിസിസിക്ക് സമര്‍പ്പിച്ച വിശദീകരണം പൂര്‍ണ്ണമായും തൃപ്തികരമല്ല എന്നാണ് കെപിസിസി ഉന്നത നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഒരു ജനപ്രതിനിധി എന്ന നിലയില്‍ അദ്ദേഹം വേണ്ടത്ര ജാഗ്രത പുലര്‍ത്തിയിട്ടില്ല എന്ന അഭിപ്രായമാണ് നേരത്തെ മുതല്‍ പാര്‍ട്ടിക്കുള്ളത്. അതു കൊണ്ട് തന്നെ അദ്ദേഹത്തിനെതിരെ നടപടി അനിവാര്യമാണെന്നും കോണ്‍ഗ്രസ് വ്യക്തമാക്കുന്നു.
ജാമ്യ ഉത്തരവില്‍ കോടതി അദ്ദേഹത്തിനു നല്‍കിയ ആനുകൂല്യത്തിന്റെ പശ്ചാത്തലത്തിലും, ജനപ്രതിനിധി എന്ന നിലയിലും പെരുമ്പാവൂര്‍ നിയോജക മണ്ഡലത്തില്‍ പ്രവര്‍ത്തിക്കാന്‍ എം.ല്‍.എയ്ക്ക് അവകാശമുണ്ട്. കെപിസിസി അംഗമെന്ന നിലയിലാണ് കെപിസിസിയുടെയും ഡിസിസിയുടെയും ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ നിന്നും ആറ് മാസക്കാലത്തേക്ക് അദ്ദേഹത്തെ സസ്‌പെന്റ് ചെയ്തത്.
അതേസമയം ബലാത്സംഗക്കേസില്‍ എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എ ഇന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായിരുന്നു. തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഓഫിസില്‍ വെച്ചാണ് എല്‍ദോസിനെ ചോദ്യം ചെയ്യുക.