ന്യൂഡല്‍ഹി: അരുണാചല്‍പ്രദേശിലെ അപ്പര്‍ സിയാങ് ജില്ലയില്‍ കരസേനാ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് 5 സൈനികര്‍ മരിച്ച സംഭവത്തില്‍ ഹെലികോപ്റ്റര്‍ തകരാന്‍ കാരണമായത് സാങ്കേതിക തകരാര്‍. ഹെലികോപ്റ്റര്‍ തകര്‍ന്നു വീഴുന്നതിനു മുന്‍പ് പൈലറ്റ് അപായസന്ദേശം അയച്ചിരുന്നു. സൈന്യത്തിന്റെ ആഭ്യന്തര അന്വേഷണത്തില്‍ ഇക്കാര്യം വിശദമായി പരിശോധിക്കും.
സേനയുടെ അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്റ്റര്‍ (രുദ്ര) ആണ് വെള്ളിയാഴ്ച രാവിലെ 10.40ന് മലനിരകള്‍ നിറഞ്ഞ പ്രദേശത്ത് തകര്‍ന്നുവീണത്. ചൈന അതിര്‍ത്തിയില്‍നിന്ന് 35 കിലോമീറ്റര്‍ മാത്രം അകലെയാണ് ഈ പ്രദേശം. അപകടത്തില്‍ മലയാളിയായ കാസര്‍കോട് ചെറുവത്തൂര്‍ തുരുത്തി കിഴക്കേമുറിയിലെ കെ.വി.അശ്വിന്‍ (24) ഉള്‍പ്പെടെയുള്ള 5 സൈനികരാണു മരിച്ചത്. കെ.വി അശ്വിന്റെ ഭൗതികദേഹം നാളെ നാട്ടിലെത്തിച്ചേക്കുമെന്നാണ് പ്രതീക്ഷ.