പ്രണയപ്പക; കണ്ണൂരില്‍ യുവതിയെ കൊലപ്പെടുത്തിയ പ്രതി കസ്റ്റഡിയില്‍

കൊലപാതകത്തിന് മുമ്പുള്ള ഫോണ്‍ കോളുകളാണ് പ്രതിയെ പിടികൂടുന്നതില്‍ നിര്‍ണായകമായത്

കണ്ണൂര്‍: കണ്ണൂര്‍ പാനൂരില്‍ ഇരുപത്തിരണ്ടുകാരിയെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി പൊലീസ് പിടിയില്‍. മാനന്തേരി സ്വദേശിയായ ശ്യാം ജിത്താണ് കസ്റ്റഡിയിലായത്. കൊലപാതകത്തിന് മുമ്പുള്ള ഫോണ്‍ കോളുകളാണ് പ്രതിയെ പിടികൂടുന്നതില്‍ നിര്‍ണായകമായത്. ശ്യാം ജിത്തിനെ പൊലീസ് ചോദ്യം ചെയ്തുവരുകയാണ്.

പ്രണയം നിരസിച്ചതിലെ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് സൂചന. പ്രതി കുറ്റം സമ്മതിച്ചതായാണ് പുറത്തുവരുന്ന വിവരം. ഇയാളുടെ അറസ്റ്റ് ഉടന്‍ തന്നെ രേഖപ്പെടുത്തും.

ഇന്ന് ഉച്ചയോടെയാണ് കണ്ണച്ചാന്‍ക്കണ്ടി ഹൗസില്‍ വിനോദിന്റെ മകള്‍ വിഷ്ണുപ്രിയ (22)യെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കഴുത്തിന് മാരകമായി വെട്ടേറ്റ നിലയിലായിരുന്നു മൃതദേഹം. ഇരു കൈകളിലും വെട്ടേറ്റിരുന്നു.

ആക്രമണസമയത്ത് വിഷ്ണുപ്രിയ വീട്ടില്‍ തനിച്ചായിരുന്നു. അഞ്ചു ദിവസം മുമ്പ് വിഷ്ണുപ്രിയയുടെ പിതാവിന്റെ അമ്മ മരണപ്പെട്ടതിനാല്‍ കുടുംബക്കാരും ബന്ധുക്കളും അവിടെയായിരുന്നു. ഉച്ചയോടെ മുഖംമൂടി ധരിച്ച ഒരാള്‍ ബാഗുമായി വിഷ്ണുപ്രിയയുടെ വീടിന് മുന്നില്‍ നില്‍ക്കുന്നത് കണ്ടതായി നാട്ടുകാരില്‍ ഒരാള്‍ മൊഴി നല്‍കിയിരുന്നു. പാനൂരിലെ സ്വകാര്യ ലാബിലെ ജീവനക്കാരിയാണ് വിഷ്ണുപ്രിയ. വിസ്മയ, വിപിന, അരുണ്‍ എന്നിവര്‍ സഹോദരങ്ങളാണ്.

Exit mobile version