തിരുവനന്തപുരം: കേരളത്തിലെ മന്ത്രിമാരെ കടന്നാക്രമിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കള്ള് കച്ചവടത്തില്‍ നിന്നും വരുമാനം കണ്ടെത്തുന്ന ധനമന്ത്രി തനിക്ക് വിദ്യാഭ്യാസത്തെ കുറിച്ച് ക്ലാസ് എടുക്കേണ്ടെന്ന് ഗവര്‍ണര്‍ വിമര്‍ശിച്ചു. യുപിയില്‍ നിന്ന് വന്ന ഗവര്‍ണര്‍ക്ക് വിദ്യാഭ്യാസത്തെ പറ്റി എന്ത് അറിയാം എന്ന ധനമന്ത്രിയുടെ പരിഹാസമാണ് ഗവര്‍ണറെ ചൊടിപ്പിച്ചത്.
നിങ്ങള്‍ എന്റെ കാര്യം നോക്കേണ്ട, നിങ്ങളുടെ കാര്യം നോക്കാനാണ് ഞാന്‍ ഇവിടെ വന്നതെന്നും മന്ത്രി പി രാജീവിനെതിരെ അദ്ദേഹം ആഞ്ഞടിച്ചു. കെ ടി ജലീലിന് എതിരെയും സജി ചെറിയനെതിരെയും അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു. തന്റെ പ്രവര്‍ത്തികള്‍ വിലയിരുത്താന്‍ നിയമമന്ത്രി ആരാണെന്നും അദ്ദേഹം ചോദിച്ചു. സര്‍വകലാശാല വി സി നിയമന വിഷയത്തിലും മന്ത്രിമാരുടെ പെന്‍ഷന്‍ വിഷയത്തിലും ഗവര്‍ണര്‍ വിമര്‍ശനം ഉന്നയിച്ചു.
ലോട്ടറിയും മദ്യവും തന്റെ സംസ്ഥാനത്തിന്റെ പ്രധാന വരുമാനമാര്‍ഗം എന്ന് പറയുന്നത്തില്‍ ലജ്ജിക്കുന്നു. ലഹരി വിഷയത്തില്‍ പഞ്ചാബിന് തൊട്ടു താഴെയാണ് കേരളമെന്നും അദ്ദേഹം വിമര്‍ശിച്ചു. വി സി നിയമനം നടത്താന്‍ ആര്‍ക്കാണ് അര്‍ഹതയെന്നും ആര്‍ക്കാണ് അര്‍ഹതയില്ലാത്തതെന്നും സുപ്രിം കോടതി വ്യക്തമായി പറഞ്ഞിട്ടുണ്ടെന്ന് ഗവര്‍ണര്‍ പറഞ്ഞു. യുജിസി ചട്ടങ്ങളുടെ ലംഘനമെന്ന് വ്യക്തമാക്കി വിസി നിയമനം കഴിഞ്ഞ ദിവസം സുപ്രീം കോടതി റദ്ദാക്കിയിരുന്നു. യുജിസി ചട്ടങ്ങള്‍ പാലിച്ചല്ല നിയമനം എന്ന ഹര്‍ജിക്കാരന്‍ ഡോ. ശ്രീജിത്ത് പി എസിന്റെ വാദങ്ങള്‍ അംഗീകരിച്ചായിരുന്നു കോടതി വിധി.