ആർക്കും വേണ്ട, 10 കോടി കൊവിഷീൽഡ് ബൂസ്റ്റർ ഡോസുകൾ നശിപ്പിച്ചു

ഉത്പാദനം നിറുത്തി വച്ചെന്നും സീറം ഇൻസ്റ്റിറ്റ്യൂട്ട്

ന്യൂഡല്‍ഹി: കൊവിഡ് അടങ്ങിയതോടെ കോവിഡ് ബൂസ്റ്റർ ഡോസിന് ആവശ്യക്കാരില്ലാത്തതിനാല്‍ കോവിഷീൽഡ് വാക്സിന്‍റെ ഉൽപാദനം കഴിഞ്ഞ വർഷം ഡിസംബറിൽ നിർത്തിവച്ചതായി സെറം ഇൻസ്റ്റിറ്റ്യൂട്ട് ഉടമയും സിഇഒയുമായ അദാർ പൂനാവാല പറഞ്ഞു. അക്കാലത്ത് സ്റ്റോക്കിലുണ്ടായിരുന്ന 10 കോടി ഡോസ് മരുന്ന് കാലാവധി കഴിഞ്ഞതിനാൽ നശിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

വികസ്വര രാജ്യങ്ങളിലെ വാക്സിൻ നിർമ്മാതാക്കളുടെ ശൃംഖലയുടെ വാർഷിക പൊതുയോഗത്തിന്‍റെ ഭാഗമായി നടന്ന മൂന്ന് ദിവസത്തെ കോൺഫറൻസിലാണ് അദ്ദേഹം ഇക്കാര്യം പ്രഖ്യാപിച്ചത്. രോഗവ്യാപനം കുറഞ്ഞ സാഹചര്യത്തിൽ ഫാർമസ്യൂട്ടിക്കൽ കമ്പനികളിൽ നിന്ന് കോവിഡ് വാക്സിനുകൾ വാങ്ങുന്നത് നിർത്തിയതായി ആരോഗ്യ മന്ത്രാലയം നേരത്തെ പ്രഖ്യാപിച്ചിരുന്നു.

വാക്സിനേഷനായി കേന്ദ്ര ബജറ്റിൽ വകയിരുത്തിയ 4,237 കോടി രൂപയും ആരോഗ്യ മന്ത്രാലയം ധനമന്ത്രാലയത്തിനു തിരികെ നൽകി. ബൂസ്റ്റർ ഡോസ് കുത്തിവയ്പ്പ് തുടരുകയാണ്. നിലവിൽ 1.8 കോടി ഡോസ് വാക്സിനാണ് സംസ്ഥാനങ്ങളുടെ പക്കലുള്ളത്. ആറ് മാസത്തേക്ക് വാക്സിനേഷൻ ഡ്രൈവ് തുടരാൻ ഈ സ്റ്റോക്ക് മതിയാകുമെന്നാണ് കേന്ദ്രത്തിന്‍റെ നിലപാട്.

Exit mobile version