അരുണാചല്‍ പ്രദേശിലെ ഹെലികോപ്റ്റര്‍ അപകടം; മരിച്ചവരില്‍ മലയാളി സൈനികും

കാസര്‍കോട് ചെറുവത്തൂര്‍ കിഴക്കേമുറി കാട്ടുവളപ്പില്‍ കെ.വി.അശ്വിന്‍ ആണ് മരിച്ചത്

കാസര്‍കോട്: അരുണാചല്‍ പ്രദേശില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ മലയാളി സൈനികന്‍ മരിച്ചു. കാസര്‍കോട് ചെറുവത്തൂര്‍ കിഴക്കേമുറി കാട്ടുവളപ്പില്‍ കെ.വി.അശ്വിന്‍ (24) ആണ് മരിച്ചത്. നാല് വര്‍ഷം മുന്‍പായിരുന്നു ഇലക്ട്രോണിക്‌സ് ആന്‍ഡ് മെക്കാനിക്കല്‍ വിഭാഗത്തില്‍ അശ്വിന്‍ ജോലിയില്‍ പ്രവേശിച്ചത്.

അരുണാചല്‍ അപ്പര്‍ സിയാങ് ജില്ലയിലെ മിഗ്ഗിങ് ഗ്രാമത്തിന് സമീപം വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. എച്ച്എഎല്‍ രുദ്ര എന്ന അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്റ്ററാണ് തകര്‍ന്നത്. അപകടത്തില്‍ നാല് സൈനികര്‍ മരിച്ചിരുന്നു. അഞ്ച് പേരാണു ഹെലികോപ്റ്ററിലുണ്ടായിരുന്നത്.

ട്യൂട്ടിങ് ആസ്ഥാനത്ത് നിന്നും 25 കിലോമീറ്റര്‍ അകലെയാണ് അപകടം നടന്നത്. ഇവിടേയ്ക്ക് റോഡ് യാത്ര സാധ്യമല്ല. മൂന്നു ഹെലികോപ്റ്ററുകളില്‍ രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തേക്കു തിരിച്ചിരുന്നു. ഈ മാസം ഇതു രണ്ടാം തവണയാണ് അരുണാചല്‍ പ്രദേശില്‍ ഹെലികോപ്റ്റര്‍ തകരുന്നത്. തവാങ്ങിന് സമീപം ചീറ്റ ഹെലികോപ്റ്റര്‍ തകര്‍ന്ന് പൈലറ്റ് മരിക്കുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

Exit mobile version