രേവ: മധ്യപ്രദേശിലെ രേവയില്‍ കഴിഞ്ഞ ദിവസം രാത്രി ബസും ട്രക്കും കൂട്ടിയിടിച്ച് 15 യാത്രക്കാര്‍ മരിച്ചു. അപകടത്തില്‍ നാല്പതിലേറെ പേര്‍ക്ക് പരിക്കേറ്റു. നൂറോളം യാത്രക്കാരുമായി ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലേക്ക് പോവുകയായിരുന്ന ബസാണ് രേവ ഹൈവേയില്‍ സുഹാഗി പഹാരിക്ക് സമീപം ട്രക്കുമായി കൂട്ടിയിടിച്ചത്. ഇതിനുമുന്‍പ് ചെറിയൊരു അപകടമുണ്ടായതിനെ തുടര്‍ന്ന് ദേശീയപാതയില്‍ കുടുങ്ങി കിടക്കുകയായിരുന്ന ട്രക്കിന് പിന്നില്‍ ബസ് വന്നിടിക്കുകയായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. പരിക്കേറ്റവരെ സുഹാഗിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റവര്‍ രേവയിലെ സഞ്ജയ് ഗാന്ധി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ബസിലെ യാത്രക്കാരില്‍ ഭൂരിഭാഗവും ഉത്തര്‍പ്രദേശ് തൊഴിലാളികളായിരുന്നെന്ന് രേവ പൊലീസ് സൂപ്രണ്ട് നവനീത് ഭാസിന് പറഞ്ഞു. ഇവര്‍ ദീപാവലിക്ക് വീട്ടിലേക്ക് പോകുകയായിരുന്നു. വഴിയാത്രക്കാരാണ് അപകടത്തെക്കുറിച്ച് പൊലീസിനെ അറിയിച്ചത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അപകടത്തിന്റെ യഥാര്‍ഥ കാരണം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.
Discussion about this post