വളരെ വലിയ പ്രതീക്ഷയോടെയാണ് മേരി എലിസബത്ത് ട്രിസ് എന്ന ലിസ് ട്രസ് ഒന്നരമാസം മുമ്പ് ബ്രിട്ടന്റെ പ്രധാനമന്ത്രി പദം ഏറ്റെടുത്തത്.
തൊട്ടതെല്ലാം പിഴച്ചതോടെ അധികാരമേറ്റ് 44ാം ദിവസം ലിസ് ട്രസിന് രാജിവച്ച് ഒഴിയേണ്ടി വന്നു. രണ്ട് നൂറ്റാണ്ടിനിടെ ഏറ്റവും കുറച്ചുകാലം അധികാരത്തിലിരുന്ന പ്രധാനമന്ത്രിയെന്ന നാണക്കേടും ഇനി ലിസ് ട്രസിന് സ്വന്തമാണ്. 1827ൽ അധികാരത്തിലിരിക്കെ മരണമടഞ്ഞ ജോർജ് കാനിംഗ് ആണ് മുമ്പ് ഏറ്റവും കുറച്ചുകാലം പ്രധാനമന്ത്രിയായിരുന്നത് . 119 ദിവസമായിരുന്നു അദ്ദേഹത്തിന്റെ കാലയളവ്.
സ്കൂളിലായിരിക്കെ മാർഗരറ്റ് താച്ചറെ റോൾ മോഡലാക്കിയ ലിസ് ട്രസ്, കോളേജിൽ ലേബർ പാർട്ടിയുടെ സഹയാത്രികയായി. കുടുംബാംഗങ്ങളെ പിന്തുടർന്നാണ് അവൾ ലേബർപാർട്ടി അംഗമായത്. പക്ഷേ, കാലം മാറിയപ്പോൾ അവൾ കളംമാറ്റി ചവിട്ടി. രാഷ്ട്രീയ വീക്ഷണം പാടെ മാറി. അവളുടെ തന്നെ ചൂടൻ പ്രസംഗങ്ങളെ കാറ്റിൽപ്പറത്തി കൺസർവേറ്റീവ് പാർട്ടിക്കൊപ്പമായി യാത്ര. താമസിയാതെ മാർഗരറ്റ് താച്ചറിന്റെ കടുത്ത അനുയായിയായി ലിസ് ട്രസ് മാറി. വേഷത്തിലും ഭാവത്തിലും ഒക്കെ താച്ചറെ അനുകരിച്ചു.
https://youtu.be/Tbhuylk9zPM
ഭാഗ്യം കനിഞ്ഞ് അനുഗ്രഹിച്ചത് പോലെ അവിചാരിതമായി, തികച്ചും അപ്രതീക്ഷിതമായി 47-ാം വയസിൽ ലിസ് ട്രസ് ബ്രിട്ടനിലെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയായി. താച്ചറെപ്പോലെ ലിസും ജനമനസുകളിൽ ഇടം നേടുമെന്നും അതിശക്തയായ ഭരണാധികാരിയായി പേരെടുക്കുമെന്നും ജനങ്ങൾ സ്വപ്നം കണ്ടിരുന്നു. പക്ഷേ വിധി മറിച്ചായിരുന്നു.
അശാസ്‌ത്രീയമായി നികുതികൾ വെട്ടിക്കുറച്ച സാമ്പത്തിക പാക്കേജിനെതിരെ പാർട്ടിക്കുള്ളിലും പുറത്തും ഉടലെടുത്ത രൂക്ഷമായ പ്രതിഷേധമാണ് ലിസിന് വിനയായത്. കഴിഞ്ഞ മാസം അവതരിപ്പിച്ച മിനി ബഡ്‌ജറ്റിലാണ് സർക്കാർ ഖജനാവ് തകർക്കുന്ന സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചത്. തെറ്റ് പറ്റിയെന്ന് ലിസ് ട്രസ് സമ്മതിച്ചെങ്കിലും പ്രതിഷേധങ്ങൾ തണുത്തില്ല. ധനമന്ത്രി ക്വാസി ക്വാർട്ടെങിനെ പുറത്താക്കിയിട്ടും രംഗം ശാന്തമായില്ല. പുതിയ ധനമന്ത്രി ജറമി ഹണ്ട് നികുതി പരിഷ്‌കാരങ്ങൾ ഏതാണ്ട് പൂർണമായി പിൻവലിച്ചു. ബ്രിട്ടീഷ് രാഷ്‌ട്രീയം കണ്ട ഏറ്റവും വലിയ മലക്കം മറിച്ചിലായിരുന്നു ഈ നയം മാറ്റം. എന്നിട്ടും ലിസ് ട്രസിന്റെ രാജിക്കായി മുറവിളികൾ ഉയർന്നു. ആഭ്യന്തര മന്ത്രിയിം ഇന്ത്യൻ വംശജയുമായ സുവെല്ല ബ്രേവർമാനും ലിസിനെ കൈയൊഴിഞ്ഞ് രാജി വച്ചു. അതിനിടെ ജനസഭയിൽ സർക്കാരിന് അനുകൂലമായി വോട്ട് ചെയ്യുന്നതിനായി എം. പിമാരെ ലിസ് അനുകൂലികളായ എം. പിമാർ കൈയേറ്റം ചെയ്തതും തിരിച്ചടിയായി. തോറ്റുപിൻമാറില്ലെന്നും അടുത്ത തിരഞ്ഞെടുപ്പിൽ താൻ തന്നെ പാർട്ടിയെ നയിക്കുമെന്നും ഉറച്ചുനിന്നെങ്കിലും ലിസിന് പിടിച്ചുനിൽക്കാനായില്ല. മണിക്കൂറുകൾക്കകം രാജി പ്രഖ്യാപിക്കേണ്ടി വന്നു.
ലിസിന് പകരം ബ്രിട്ടീഷ് പ്രധാനമന്ത്രിയെന്ന മുൾകിരീടം ചുമക്കാൻ ആരെന്ന ചോദ്യമാണ് ഇനി ബാക്കി. ഇന്ത്യൻ വംശജനും തിരഞ്ഞെടുപ്പിൽ ലിസിന്റെ എതിരാളുമായിരുന്ന ഋഷി സുനക് പുതിയ പ്രധാനമന്ത്രിയാകുമെന്നാണ് സൂചന. ഇന്ത്യക്കാരായ നമുക്ക് സന്തോഷകരമായ വാർത്തയാണത്. നാല് നൂറ്റാണ്ടോളം നമ്മളെ അടക്കി ഭരിച്ച ബ്രിട്ടീഷ് സാമ്രാജ്യത്തെ ഭരിക്കാൻ ഇന്ത്യക്കാരനെത്തുവെന്നതാണ് ആ സന്തോഷത്തിന്റെ കാരണം. മാത്രമല്ല, ഇൻഫോസിസ് സ്ഥാപക മേധാവി എൻ.ആർ നാരായണ മൂർത്തിയുടെ മകൾ അക്ഷതയുടെ ഭർത്താവാണ് ഋഷി. അങ്ങനെ നോക്കിയാൽ ഇന്ത്യയുടെ മരുമകൻ കൂടിയാണ് അദ്ദേഹം. പാർലമെന്റംഗമായ 49കാരി പെനി മോർഡോണ്ട് ആണ് നിലവിൽ സുനകിന്റെ മുഖ്യ എതിരാളി. മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസണും സാധ്യതാ പട്ടികയിലുണ്ട്. അടുത്ത വെള്ളിയാഴ്ചയോടെ പുതിയ പ്രധാനമന്ത്രി ആരെന്നറിയാനാകും.