തിരുവനന്തപുരം: കല്ലുവാതുക്കൽ മദ്യദുരന്തക്കേസില്‍ ശിക്ഷിക്കപ്പെട്ട മണിച്ചന് ജയില്‍ മോചിതനായി. ജയിൽ നടപടികൾ പൂർത്തിയായ മണിച്ചൻ തിരുവനന്തപുരം നെട്ടുകാൽത്തേരി തുറന്ന ജയിലില്‍ നിന്ന് പുറത്തിറങ്ങി. ശിക്ഷ റദ്ദാക്കി സുപ്രീംകോടതി ബുധനാഴ്ച ഉത്തരവ് ഇറക്കിയെങ്കിലും മണിച്ചന് ഇന്നലെയും ജയിൽ മോചിതനാകാൻ കഴിഞ്ഞിരുന്നില്ല. സുപ്രീംകോടതി ഉത്തരവ് ആഭ്യന്തര വകുപ്പിൽ എത്താത്തതാണ് മോചനം വൈകാൻ കാരണം.
2000 ഒക്ടോബർ 21 നാണ് നാടിനെ നടുക്കിയ വിഷമദ്യ ദുരന്തമുണ്ടായത്. കൊല്ലം കല്ലുവാതുക്കലിൽ ഹയറുന്നീസ എന്ന സ്ത്രീ നടത്തിയിരുന്ന വാറ്റ് കേന്ദ്രത്തിൽ നിന്ന് മദ്യം കഴിച്ച 31 പേര് മരിച്ചുവെന്ന ദാരുണ വിവരം പുറത്ത് വന്നു.കേസിൽ മണിച്ചൻ ഉൾപ്പെടെ 26 പേരെ കോടതി ശിക്ഷിച്ചിരുന്നു. ഒന്നാം പ്രതി ഹയറുന്നീസ ശിക്ഷ അനുഭവിക്കുന്നതിനിടെ മരിച്ചു.
വ്യാജ വാറ്റു കേന്ദ്രത്തിന് രാഷ്ട്രീയ സഹായമുണ്ടായിരുന്നുവെന്ന ഹയറുന്നീസയുടെ വെളിപ്പെടുത്തൽ കൂടി വന്നതോടെ സര്‍ക്കാരിനെ പിടിച്ചുലച്ച വൻ വിവാദമായി കല്ലുവാതുക്കൽ വിഷമദ്യ ദുരന്തം മാറി. ഇടത് സർക്കാരിനേറ്റ ഏറ്റവും വലിയ കളങ്കമായിരുന്നു കല്ലുവാതുക്കൽ ദുരന്തം.
ശിക്ഷയിൽ ഇളവ് ലഭിച്ചെങ്കിലും പിഴത്തുക കെട്ടാൻ കഴിയാത്തെ തിനെ തുടർന്ന് മണിച്ചൻെറ ജയിൽ മോചനം നീണ്ട് പോകുകയായിരുന്നു. തുടർന്ന് മണിച്ചൻെറ ഭാര്യയാണ് സുപ്രീംകോടതിയെ സമീപിച്ച് ശിക്ഷ റദ്ദാക്കിച്ചത്. മണിച്ചനെ ഉടന്‍ വിട്ടയക്കണമെന്ന് സുപ്രീംകോടതി വ്യാഴാഴ്ച ഉത്തരവിട്ടിരുന്നു.
Discussion about this post