ലക്‌നൗ: ഉത്തര്‍പ്രദേശില്‍ രക്തത്തിനു പകരം ശരീരത്തില്‍ ജ്യൂസ് കയറ്റിയതിനെത്തുടര്‍ന്ന് രോഗി മരിച്ചു. ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജിലാണ് ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന മുപ്പത്തിരണ്ടുകാരന്‍ മരിച്ചത്. സംഭവത്തില്‍ ജില്ലാ ഭരണകൂടം അന്വേഷണം പ്രഖ്യാപിച്ചു. പ്രതിഷേധം ശക്തമായതോടെ പ്രയാഗ്രാജിലെ ഗ്ലോബല്‍ ഹോസ്പിറ്റല്‍ ആന്‍ഡ് ട്രോമ സെന്റര്‍. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടിയെടുക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു.
പ്ലാസ്മ എന്ന് എഴുതിയിരുന്ന ബാഗില്‍ ജ്യൂസ് ആയിരുന്നുവെന്നാണ് രോഗിയുടെ ബന്ധുക്കളുടെ ആരോപണം. ഇങ്ങനെ നല്‍കിയ ബാഗ് ഒരെണ്ണം ഉപയോഗിച്ചതിനു പിന്നാലെയാണ് രോഗിയുടെ നില മോശമായത്.
അതേസമയം, പ്ലാസ്മ ബാഗ് കുടുംബം തന്നെ സംഘടിപ്പിച്ചതാണെന്നാണ് ആശുപത്രി അധികൃതരുടെ നിലപാട്. രോഗിയുടെ പ്ലേറ്റ്ലെറ്റ് നില 17,000ലേക്കു താഴ്ന്നപ്പോള്‍ രക്തം സംഘടിപ്പിക്കാന്‍ കുടുംബത്തോടു നിര്‍ദേശിച്ചുവെന്നാണ് അധികൃതര്‍ പറയുന്നത്. സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് അഞ്ച് യൂണിറ്റ് പ്ലേറ്റ്ലെറ്റുകളാണ് അവര്‍ കൊണ്ടുവന്നത്. മൂന്ന് യൂണിറ്റ് കയറ്റിയപ്പോള്‍ രോഗിയുടെ നില വഷളായി. അതോടെ രക്തം കയറ്റുന്നത് നിര്‍ത്തിയെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.