ഉത്തരാഖണ്ഡ്: കേദാർനാഥ് ക്ഷേത്രത്തിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു ദിവസത്തെ ഉത്തരാഖണ്ഡ് സന്ദർശനത്തിന് തുടക്കം കുറിച്ചു. പുലർച്ചെ ക്ഷേത്രത്തിലെത്തിയ അദ്ദേഹം സമൃദ്ധിയുടെയും ഭാഗ്യത്തിന്റെയും പ്രതീകമായ സ്വസ്തിക ചിഹ്നമുള്ള ചോള ഡോറ എന്ന പരമ്പരാഗത വസ്ത്രമാണ് ധരിച്ചിരുന്നത്. പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം നരേന്ദ്രമോദി നടത്തുന്ന ആറാമത്തെ കേദാർനാഥ് സന്ദർശനമാണിത്.
പ്രധാനമന്ത്രിയുടെ സന്ദർശനം പ്രമാണിച്ച് ക്ഷേത്രം പുഷ്പങ്ങൾ കൊണ്ട് അലങ്കരിച്ചിരുന്നു. കേദാർനാഥനെ ആരാധിച്ച ശേഷം ശ്രീകോവിലിൽ നിന്ന് പുറത്തിറങ്ങിയ പ്രധാനമന്ത്രി ക്ഷേത്രം പ്രദക്ഷിണം വച്ചു. പൂജയ്‌ക്കുശേഷം ജനങ്ങളെ കാണാനും ആശീർവാദങ്ങൾ ഏറ്റുവാങ്ങാനും അദ്ദേഹം സമയം മാറ്റി വച്ചു. ആദിഗുരു ശങ്കരാചാര്യരുടെ സമാധി സ്ഥലവും പ്രധാനമന്ത്രി സന്ദർശിച്ചു. ഇന്ന് രാവിലെ കേദാർനാഥ് സന്ദർശനത്തിനായി ജോളി ഗ്രാന്റ് വിമാനത്താവളത്തിലെത്തിയ നരേന്ദ്രമോദിയെ ഗവർണർ ലഫ്റ്റനന്റ് ജനറൽ (റിട്ട) ഗുർമീത് സിംഗ്, മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി, കേന്ദ്ര പ്രതിരോധ സഹമന്ത്രി അജയ് ഭട്ട് എന്നിവർ ചേർന്നാണ് സ്വീകരിച്ചത്.
സംസ്ഥാനത്ത് നിരവധി വികസന പ്രവർത്തനങ്ങൾക്ക് പ്രധാനമന്ത്രി തുടക്കം കുറിക്കും. 9.7 കിലോമീറ്റർ ദൈർഘ്യമുള്ള ഗൗരികുണ്ഡ്-കേദാർനാഥ് റോപ്പ് മാർഗ് പദ്ധതിയുടെ തറക്കല്ലിടൽ അദ്ദേഹം നിർവഹിക്കും. കേദാർനാഥിലെ മന്ദാകിനി ആസ്ത പാതയും സരസ്വതി ആസ്ത പാതയും മോദി പരിശോധിക്കും. ഇതോടൊപ്പം വികസന പ്രവർത്തനങ്ങളുടെ പുരോഗതിയും അവലോകനം ചെയ്യും. പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് അതീവ ജാഗ്രതയാണ് സംസ്ഥാനത്ത്. എല്ലായിടത്തും സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.
പ്രാർത്ഥനക്കു ശേഷം കേദാർനാഥ് റോപ് വേ പ്രൊജക്ട് ഉദ്ഘാടനം ചെയ്യും. ശേഷം മന്ദാകിനി അഷ്ടപഥ്,സരസ്വതി അഷ്ടപഥ് തുടങ്ങിയ പദ്ധതികളുടെ വികസന പ്രവർത്തനങ്ങളെ കുറിച്ച് അവലോകനം നടത്തും.
Discussion about this post