തിരുവനന്തപുരം:മുട്ടത്തറയിലെ മാലിന്യ നിക്ഷേപ കേന്ദ്രത്തില്‍ നിന്ന് കണ്ടെത്തിയ ശരീര ഭാഗങ്ങള്‍ തമിഴ്‌നാട്ടിലെ ഗുണ്ടാനേതാവിന്റേതെന്ന് പൊലീസ്. സംഭവത്തില്‍ രണ്ട് മലയാളികളെ പൊലീസ് അറസ്റ്റ് ചെയ്തു. വലിയതുറ സ്വദേശികളായ മനു രമേഷ്, ഷെഹിന്‍ ഷാ എന്നിവരെയാണ് വലിയതുറ പോലീസ് രാവിലെ കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരം മുട്ടത്തറ സ്വീവേജ് പ്ലാന്‍റിൽ നിന്ന് ആഗസ്റ്റ് 14നാണ് ശരീരാവശിഷ്ടം കണ്ടെത്തിയത്. തുടരന്വേഷണത്തിലാണ് കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്.
തമിഴ്നാട് കന്യാകുമാരി ജില്ലയിലെ ഗുണ്ടാനേതാവ് കനിഷ്കറാണ് കൊല്ലപ്പെട്ടത്. ഒന്നാം പ്രതിയായ മനു രമേശ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ഗുണ്ടാപ്പകയാണ് കൊലപാതക കാരണമെന്നാണ് പ്രാഥമിക നിഗമനം. കേസിലെ അന്തർ സംസ്ഥാന ബന്ധവും പരിശോധിക്കുമെന്നും പോലീസ് വ്യക്തമാക്കി.
പ്രതികളുമായി നടത്തിയ തെളിവെടുപ്പിൽ മുട്ടത്തറ പാലത്തിനടിയിൽ നിന്നാണ് കൊല്ലപ്പെട്ട കനിഷ്കറിന്‍റെ അര വരെയുള്ള ഭാഗം കണ്ടെത്തിയത്. മുട്ടത്തറ ബംഗ്ലാദേശ് കോളനിയിലെ മനു രമേശിന്‍റെ വീട്ടിലെത്തി തെളിവെടുപ്പ് നടത്തി. കൊല്ലപ്പെട്ട കനിഷ്കറിന്‍റെ മറ്റ് ശരീര ഭാഗങ്ങൾ കൂടി കണ്ടെത്തേണ്ടതുണ്ട്. അതിനായി പ്രതികളുമായുള്ള തെളിവെടുപ്പ് തുടരും. കണ്ടെത്തിയ മൃതദേഹ അവശിഷ്ടങ്ങളുടെ ശാസ്ത്രീയ പരിശോധനയും നടത്തി വരികയാണ്.
കൊല്ലപ്പെട്ടവരും പ്രതികളും നിരന്തരം സമ്പര്‍ക്കമുള്ളവരായിരുന്നു. കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ പങ്കാളികളാണോ എന്ന് പൊലീസ് പരിശോധിച്ചുവരികയാണ്. തിരുവന്തപുരത്തുവെച്ചാണ് കൊലപാതകം നടത്തിയെന്നാണ് പൊലീസ് നിഗമനം.
Discussion about this post