വിസ്മൃതിയില്‍ മറഞ്ഞ കളിചിരികള്‍; ഉണ്ണികൃഷ്ണന്‍ നമ്പൂതിരി എന്ന നടനവിസ്മയം

ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയെ സംബന്ധിച്ചിടത്തോളം സിനിമയെന്നാല്‍ വെറും നേരമ്പോക്ക് മാത്രമായിരുന്നു

മലയാള സിനിമയുടെ പ്രിയമുത്തച്ഛനായി എഴുപത്തിയാറാം വയസ്സില്‍ അരങ്ങേറ്റം കുറിച്ച നടനവിസ്മയമാണ് ഉണ്ണികൃഷ്ണന്‍ നമ്പൂതിരി. കളിയും ചിരിയും ശൃംഗാരവുമൊക്കെയായി വളരെ പെട്ടെന്നാണ് അദ്ദേഹം ഏവരുടെയും മനം കീഴടക്കിയത്. അദ്ദേഹത്തിന്റെ മൂത്തമകള്‍ ദേവകിയുടെ ഭര്‍ത്താവും പ്രശസ്ത ഗാനരചയിതാവും സംഗീതസംവിധായകനുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി മുഖേനയായിരുന്നു ആയിരുന്നു അദ്ദേഹം സിനിമയിലേക്ക് എത്തുന്നത്. കൈതപ്രം കോഴിക്കോട് പണികഴിപ്പിച്ച വീടിന്റെ പാലുകാച്ചലിന് ഉണ്ണികൃഷ്ണന്‍ നമ്പൂതിരി എത്തിയപ്പോള്‍ എഴുത്തുകാരന്‍ മാടമ്പ് കുഞ്ഞുകുട്ടനാണ് സിനിമയില്‍ അഭിനയിച്ചുകൂടേ എന്ന് ആദ്യം ചോദിക്കുന്നത്. സംവിധായകന്‍ ജയരാജും അദ്ദേഹത്തെ നിര്‍ബന്ധിച്ചു. ആദ്യമൊന്നും ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ഇതിന് സമ്മതം മൂളിയില്ല. എന്നാല്‍ കുടുംബത്തില്‍ ഉള്ളവര്‍ കൂടെ പിന്തുണച്ചപ്പോള്‍ അദ്ദേഹം അഭിനയിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

അങ്ങനെ അദ്ദേഹം ദേശാടനം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചു. ദേശാടനം ശ്രദ്ധിക്കപ്പെട്ടതോടെ അദ്ദേഹത്തെ തേടി നിരവധി അവസരങ്ങളെത്തി. ഒരാള്‍ മാത്രം, കളിയാട്ടം, കൈക്കുടന്ന നിലാവ്, മധുരനൊമ്പരക്കാറ്റ്, മേഘമല്‍ഹാര്‍, കല്യാണരാമന്‍, സദാനന്ദന്റെ സമയം, രാപ്പകല്‍, പോക്കിരി രാജ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു. അദ്ദേഹത്തിന്റെ 84-ാം വയസ്സിലാണ് കല്യാണരാമന്‍ പുറത്തിറങ്ങുന്നത്. ആ ചിത്രത്തിന് അദ്ദേഹം നേടിയ കൈയ്യടി ഇന്നും അവസാനിച്ചിട്ടില്ല. 84 ാം വയസ്സില്‍ ശൃംഗാരം അഭിനയിക്കാന്‍ ഉണ്ണികൃഷ്ണന്‍ തിരുമേനിയല്ലാതെ വേറെ ആളില്ല എന്നായിരുന്നു ഈ ചിത്രത്തെ കുറിച്ച് അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞത്.

ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയെ സംബന്ധിച്ചിടത്തോളം സിനിമയെന്നാല്‍ വെറും നേരമ്പോക്ക് മാത്രമായിരുന്നു. സിനിമയിലൂടെ സമ്പന്നനാകണമെന്ന അതിമോഹം ഉണ്ണികൃഷ്ണന്‍ നമ്പൂതിരിക്ക് ഉണ്ടായിരുന്നില്ല. സിനിമാ നടനെന്നതിലുപരി ഒരു കമ്യൂണിസ്റ്റ് സഹയാത്രികനായിരുന്നു ഉണ്ണികൃഷ്ണന്‍ നമ്പൂതിരി. പാര്‍ട്ടി പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് എകെജി ഒളിവില്‍ കഴിഞ്ഞത് ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ വീട്ടിലായിരുന്നുവെന്ന് അദ്ദേഹം പലകുറി പറഞ്ഞിട്ടുണ്ട്. എകെജി അയച്ച കത്തുകള്‍ നിധിപോലെയാണ് അദ്ദേഹം സൂക്ഷിച്ചിരുത്. സിനിമയേക്കാളേറെ അദ്ദേഹത്തിന് സംസാരിക്കാന്‍ താല്പര്യവും കമ്മ്യൂണിസത്തെ കുറിച്ചായിരുന്നു.

2021 ജനുവരി 20ന് ആയിരുന്നു ആ കളിചിരികള്‍ ഓര്‍മ്മയായത്. മലയാളികള്‍ക്ക് എന്നും ഓര്‍ത്തിരിക്കാന്‍ ഒരുപിടി നല്ല കഥാപാത്രങ്ങള്‍ സമ്മാനിച്ച അദ്ദേഹം തിരശീലയില്‍ മറഞ്ഞു.

Exit mobile version