അധികാരത്തിലേറിയിട്ട് 41 ദിവസം; രാജി പ്രഖ്യാപിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി

തന്നെ ഏല്‍പിച്ച ദൗത്യം നിറവേറ്റാനായില്ലെന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ് ലിസ് ട്രസ് രാജിവെച്ചത്

ലണ്ടന്‍: അധികാരമേറ്റ് നാല്‍പത്തിനാലാം ദിവസം രാജി പ്രഖ്യാപിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ്. ഹോം സെക്രട്ടറി സുവെല്ല ബ്രെവര്‍മാന് പിന്നാലെയാണ് ലിസ് ട്രസിന്റെ രാജി. ബ്രിട്ടന്റെ ചരിത്രത്തിലെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയാണു ലിസ് ട്രസ്. എന്നാല്‍ രാജിവെച്ചതോടെ ഏറ്റവും കുറച്ചുകാലം അധികാരത്തിലിരുന്ന ബ്രിട്ടിഷ് പ്രധാനമന്ത്രിയെന്ന പേരാണ് ലിസ് ട്രസിന് ബാക്കിയാവുന്നത്. പ്രധാനമന്ത്രിയുടെ സാമ്പത്തിക നയങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. നികുതിയിളവുകള്‍ അശാസ്ത്രീയമാണെന്ന് ആരോപണങ്ങളുണ്ടായി. പ്രതിസന്ധിയിലായ ബ്രിട്ടന്റെ സാമ്പത്തിക നിലയെ ഇതു കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കുമെന്നായിരുന്നു വിലയിരുത്തല്‍.

താന്‍ പോരാളിയാണെന്നും തോറ്റുപിന്‍മാറില്ലെന്നും കഴിഞ്ഞ ദിവസം ലിസ് ട്രസ് പ്രതികരിച്ചിരുന്നു. എന്നാല്‍ തന്നെ ഏല്‍പിച്ച ദൗത്യം നിറവേറ്റാനായില്ലെന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ് ലിസ് ട്രസ് രാജിവെച്ചത്. പുതിയ പ്രധാനമന്ത്രി വരുന്നതുവരെ സ്ഥാനത്തു തുടരുമെന്നും അവര്‍ അറിയിച്ചു. സമീപ ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രതിസന്ധിയിലൂടെയാണ് ബ്രിട്ടന്‍ കടന്നു പോകുന്നത്.

നേരത്തെ രാജിവെച്ച ഹോം സെക്രട്ടറി ബ്രേവര്‍മാന്‍ ലിസ് ട്രസിനു നേരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഔദ്യോഗിക രേഖ കൈകാര്യം ചെയ്തതില്‍ വീഴ്ച വന്നു എന്ന ആക്ഷേപത്തെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം ഹോം സെക്രട്ടറി സുവെല്ല ബ്രെവര്‍മാനും രാജിവെക്കാന്‍ നിര്‍ബന്ധിതയായിരുന്നു. അഞ്ചുദിവസം മുമ്പാണ് യുകെയുടെ ധനമന്ത്രി ക്വാസി കാര്‍ട്ടെങ്ങിന് രാജിവെച്ചിറങ്ങേണ്ടി വന്നത്.

Exit mobile version