ന്യൂഡൽഹി: ലാവ് ലിൻ കേസിൽ പിണറായി വിജയൻ ഉൾപ്പടെ മൂന്ന് പേരെ കുറ്റമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരെ സി.ബി.ഐ സമർപ്പിച്ച അപ്പീൽ ഹർജി പരിഗണിക്കുന്നത് സുപ്രീംകോടതി വീണ്ടും മാറ്റി. ഇത് 32ാം തവണയാണ് കേസ് ലിസ്റ്റ് ചെയ്തു മാറ്റിവയ്ക്കുന്നത്. സമയപരിമിതിയുള്ളതിനാൽ ആറ് ആഴ്ചയ്ക്കു് ശേഷം വീണ്ടും പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ വിചാരണ നേരിടണമെന്നായിരുന്നു സി.ബി.ഐയുടെ ആവശ്യം.
2017 ആഗസ്റ്റ് 23നാണ് ലാവലിൻ കേസിൽ പിണറായി വിജയൻ, ഉദ്യോസ്ഥരായിരുന്ന കെ. മോഹനചന്ദ്രൻ, കെ. ഫ്രാൻസിസ് എന്നിവരെ കേരള ഹൈക്കോടതി കുറ്റമുക്തരാക്കി വിധി പുറപ്പെടുവിച്ചത്. കൂടാതെ, ഉദ്യോസ്ഥരായിരുന്ന കസ്തൂരിരംഗ അയ്യർ, എം.വി. രാജഗോപാൽ, ആർ. ശിവദാസൻ എന്നിവർ വിചാരണ നേരിടണമെന്നും കോടതി വിധിച്ചു. ഹൈക്കോടതി വിധി ചോദ്യം ചെയ്ത് 2017 ഡിസംബർ 19നാണ് സി.ബി.ഐ സുപ്രീംകോടതിയിൽ അപ്പീൽ സമർപ്പിച്ചത്. വിധിക്കെതിരെ കസ്തൂരിരംഗ അയ്യർ അടക്കമുള്ളവർ നൽകിയ അപ്പീലിൽ വിചാരണ നേരിടണമെന്ന ഉത്തരവ് സുപ്രീംകോടതി ഭാഗികമായി സ്റ്റേ ചെയ്തിരുന്നു. ഇതിന് പിന്നാലെ കേസ് വാദം കേൾക്കുന്നത് നിരവധി തവണ മാറ്റിയിരുന്നു.
പിണറായി വിജയൻ വൈദ്യുത മന്ത്രിയായിരുന്ന കാലത്ത് ഇടുക്കിയിലെ പള്ളിവാസൽ, ചെങ്കുളം, പിന്നിയാര്‍ ജല വൈദ്യുത പദ്ധതികളുടെ നവീകരണത്തിനായി കനേഡിയൻ കമ്പനിയായ എസ്.എന്‍.സി. ലാവലിനുമായി ഉണ്ടാക്കിയ കരാറിൽ ക്രമക്കേട് നടന്നുവെന്നാണ് സി.ബി.ഐ കണ്ടെത്തൽ.