നഷ്ടം പരിഹരിച്ചെന്ന് കടയുടമ; പൊലീസുകാരന്‍ പ്രതിയായ മാമ്പഴ മോഷണ കേസ് ഒത്തുതീര്‍പ്പാക്കി

സംഭവവുമായി ബന്ധപ്പെട്ട് മറ്റെന്തെങ്കിലും കുറ്റകൃത്യം നടന്നിട്ടുണ്ടെങ്കില്‍ അത് അന്വേഷിക്കാമെന്ന് കോടതി

കോട്ടയം: സിവില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ പ്രതിയായ മാമ്പഴ മോഷണ കേസ് ഒത്തുതീര്‍പ്പാക്കി. മാമ്പഴ മോഷ്ടാവായ സിവില്‍ പൊലീസ് ഓഫീസര്‍ പി.വി ഷിഹാബിനെതിരെ പരാതിയില്ലെന്ന് കച്ചവടക്കാരന്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി അംഗീകരിച്ചു. ഐപിസി 379 പ്രകാരമാണ് സംഭവത്തില്‍ കേസെടുത്തിരുന്നത്. കേസ് ഒത്തുതീര്‍പ്പാക്കിയതോടെ തുടര്‍ നടപടികള്‍ അവസാനിപ്പിച്ചു. രണ്ടു ദിവസമായി നടന്ന വാദത്തിന് ഒടുവില്‍ വാദിക്ക് പരാതിയില്ലെങ്കില്‍ കേസ് ഒത്തുതീര്‍പ്പാക്കാന്‍ കാഞ്ഞിരപ്പള്ളി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മറ്റെന്തെങ്കിലും കുറ്റകൃത്യം നടന്നിട്ടുണ്ടെങ്കില്‍ അത് അന്വേഷിക്കാമെന്നും കോടതി വ്യക്തമാക്കി.

600 രൂപ വില വരുന്ന 10 കിലോ മാമ്പഴമാണ് ഇടുക്കി എആര്‍ ക്യാംപിലെ ഉദ്യോഗസ്ഥനായ ശിഹാബ് മോഷ്ടിച്ചത്. സെപ്റ്റംബര്‍ 30ന് അര്‍ധരാത്രി, കോട്ടയം മെഡിക്കല്‍ കോളജിലെ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു മോഷണം. രാവിലെ കടയുടമ എത്തിയപ്പോഴാണു മോഷണ വിവരമറിയുന്നത്. തുടര്‍ന്നു പൊലീസില്‍ പരാതി നല്‍കി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് പ്രതിയെ കണ്ടെത്താനായത്.

തനിക്കുണ്ടായ നഷ്ടം പ്രതി പരിഹരിച്ചതായും അതിനാല്‍ കേസ് മുന്നോട്ടു കൊണ്ടുപോകാതെ ഒത്തുതീര്‍ക്കാന്‍ അനുമതി നല്‍കണമെന്നും പരാതിക്കാരന്‍ കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇതു സംബന്ധിച്ച് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ഒത്തുതീര്‍പ്പിനെതിരായാണ് പൊലീസ് നിലപാട് എടുത്തത്. ഒത്തുതീര്‍പ്പാക്കിയാല്‍ സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും പ്രതി പൊലീസുകാരനെന്നതു ഗൗരവതരമായ വസ്തുതയാണെന്നും പൊലീസ് പറയുന്നു.

 

 

Exit mobile version