കേരളത്തിന്റെ വിപ്ളവ സൂര്യന് നൂറിന്റെ നിറവ് , ആശംസകൾ നേർന്ന് പ്രമുഖർ

കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിലെ ഇതിഹാസ പുരുഷൻ വി.എസ്. അച്യുതാനന്ദന് 99-ാം പിറന്നാൾ

തിരുവനന്തപുരം: കേരളത്തിനെ ഇടതുപക്ഷത്തെ ഹൃദയപക്ഷമാക്കി മാറ്റിയ സാധാരണക്കാരുടെ വിപ്‌ളവ നായകന് ഇന്ന് 99ന്‌റെ പോരാട്ട വീര്യം. പ്രതിഷേധത്തിന്റെ കനലുകനലുകള്‍ക്ക് വി.എസ്. എന്ന ചുരുക്കക്ഷരത്താല്‍ അഗ്നിപടര്‍ന്ന കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രി കഴിഞ്ഞ രണ്ട് വര്‍ഷമായി പൊതുരാഷ്ട്രീയ രംഗത്ത് നിന്നും വിട്ടു നില്‍ക്കുകയാണ്. 2019ലെ പുന്നപ്ര-വയലാര്‍ രക്തസാക്ഷിത്വ ദിനാചരണമായിരുന്നു അദ്ദേഹം പങ്കെടുത്ത അവസാന പൊതുചടങ്ങ്.
ജീവിതം അതിന്റെ എല്ലാ അര്‍ത്ഥത്തിലും പോരാട്ടമാക്കിയ വി.എസ്. പാര്‍ട്ടിക്കുള്ളിലും പുറത്തും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളിലൂടെയാണ് ശ്രദ്ധേയനായത്. തനിക്ക് പറയാനുള്ള കാര്യങ്ങള്‍ വ്യക്തമായും കൃത്യമായും പറയുന്നതാണ് വി.എസ്. ലൈന്‍. മതികെട്ടാനിലെ ഭൂമി കൈയേറ്റം, പ്ലാച്ചിമടയിലെ കുടിവെള്ള പ്രശ്‌നം, മറയൂരിലെ ചന്ദനക്കൊള്ള തുടങ്ങിയ ജനകീയ പ്രശ്‌നങ്ങളിലെല്ലാം ഇടപെട്ട് നടത്തിയ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തെ മണ്ണിന്‌റെയും മനുഷ്യരുടെയും പടത്തലവനാക്കി. 1964ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിളര്‍പ്പിന് സാക്ഷിയായവരില്‍ ഇന്ന് ജീവിച്ചിരിക്കുന്ന ഏക അംഗമാണ് വി.എസ്.
1923 ഒക്ടോബര്‍ 20 -ന് ആലപ്പുഴ ജില്ലയിലെ പുന്നപ്രയില്‍ വേലിക്കകത്ത് വീട്ടില്‍ ശങ്കരന്റെയും അക്കാമ്മയുടെയും മകനായാണ് വി.എസിന്റെ ജനനം.  പതിനൊന്ന് വയസില്‍ അമ്മയേയും അച്ഛനേയും അദ്ദേഹത്തിന് നഷ്ടമായി. പിന്നീടെല്ലാം സഹോദരിയായിരുന്നു. നിവര്‍ത്തനപ്രക്ഷോഭം നാട്ടില്‍ കൊടുമ്പിരി കൊണ്ടപ്പോള്‍ അതില്‍ ആകൃഷ്ടനായ വി എസ് 1938ല്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സില്‍ അംഗമായി. എന്നാല്‍, പിന്നീട് പുരോഗമന പ്രസ്ഥാനങ്ങളിലും ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളിലും സജീവമായതോടെ 1940ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായി.

1946 ലാണ് വി.എസിനെ മലയാള മണ്ണിന്‌റെ വിപ്‌ളവനായകനാക്കിയ പുന്നപ്ര-വയലാര്‍ സമരം നടക്കുന്നത്. അന്നത്തെ രാജവാഴ്ചയ്ക്കും ദിവാന്‍ ഭരണത്തിനുമെതിരെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിൽ നടന്ന സമരത്തിന് നേരെ പട്ടാളവെടിവെപ്പുണ്ടായി. അന്നത്തെ സമരത്തില്‍ പങ്കെടുത്തവരില്‍ പ്രധാനിയായ വി.എസിന് പൊലീസ് വേട്ടയാടലിനെ തുടര്‍ന്ന് ഒളിവില്‍ പോകേണ്ടി വന്നു. പക്ഷേ, പിന്നീട് പൂഞ്ഞാറില്‍നിന്ന് അദ്ദേഹം അറസ്റ്റിലായി. എന്നാല്‍, പൊലീസ് ആവശ്യപ്പെട്ട വിവരങ്ങള്‍ നല്‍കാത്തതിനെ തുടര്‍ന്ന് കടുത്ത പൊലീസ് മുറയാണ് വി.എസിന് നേരിടേണ്ടി വന്നത്. ക്രൂര മര്‍ദ്ദനമേറ്റ് ബോധം നശിച്ച വി.എസിനെ പൊലീസ് ഒടുവില്‍ ആശുപത്രിയിലുപേക്ഷിക്കുകയായിരുന്നു. ചികിത്സ പൂര്‍ത്തിയാക്കിയെങ്കിലും പൊലീസ് മര്‍ദ്ദനത്തിന്‌റെ ബാക്കി പത്രം ജീവിതത്തിലുടനീളം അദ്ദേഹത്തിന്‌റെ ശരീരത്തില്‍ സമരശേഷിപ്പുകളായി.

 

Exit mobile version