മുംബൈ: കോടതികളുടെ നീണ്ട അവധികള്‍ക്കെതിരെ മുംബൈ സ്വദേശിനി സമര്‍പ്പിച്ച ഹര്‍ജി ദീപാവലി അവധിക്ക് ശേഷം പരിഗണിക്കും. നവംബര്‍ 20ലേക്കാണ് കേസ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. സബീന ലക്ക്‌ഡെവാലയാണ് കോടതികളുടെ നീണ്ട അവധികള്‍ക്കെതിരെ ബോംബെ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.
ദീപാവലി, ക്രിസ്മസ്, മധ്യവേനലവധി എന്നിവയുടെ പേരില്‍ കോടതികള്‍ക്ക് നല്‍കുന്ന ആഴ്ചകളോളമുള്ള അവധി നീതി നടപ്പാക്കുന്നത് വൈകിപ്പിക്കുമെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന പൊതു അവധിക്ക് പുറമേ വര്‍ഷത്തില്‍ 70 ദിവസമാണ് ഇത്തരം അവധി ദിനങ്ങളുടെ പേരില്‍ കോടതികള്‍ അടച്ചിടുന്നതെന്നും ഹര്‍ജിക്കാരി ചൂണ്ടിക്കാട്ടി.
ബ്രിട്ടീഷ് രാജ് കാലഘട്ടത്തില്‍ ഏര്‍പ്പെടുത്തിയ ഇത്തരം അവധി സമ്പ്രദായങ്ങള്‍ വര്‍ത്തമാനകാലത്ത് നീതിന്യായ വ്യവസ്ഥയെ ദുര്‍ബലപ്പെടുത്തുകയാണെന്നും ഹര്‍ജിയില്‍ വിമര്‍ശിക്കുന്നു. ഇന്ത്യയിലെ ന്യായാധിപന്‍മാര്‍ ബ്രിട്ടീഷ് പൗരന്മാരായിരുന്നപ്പോള്‍, വേനല്‍ക്കാലം അവര്‍ക്ക് ഇവിടെ ബുദ്ധിമുട്ടായതിനാലാണ് മധ്യവേനലവധി കൊണ്ടുവന്നത്. സ്വാതന്ത്ര്യം ലഭിച്ച് ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷവും ഈ അവധി നിലനില്‍ക്കുന്നതിന് പിന്നിലെ യുക്തിയും ഹര്‍ജിക്കാരി ചോദ്യം ചെയ്യുന്നു.