കൊച്ചി: എല്‍ദോസ് കുന്നപ്പിള്ളി എം.എൽ.എയ്ക്ക് കോടതി മുന്‍കൂര്‍ജാമ്യം അനുവദിച്ചതില്‍ പ്രതികരിക്കാനില്ലെന്നും എംഎല്‍എയ്‌ക്കെതിരായ ബലാത്സംഗ പരാതിയില്‍ ഉറച്ചുനില്‍ക്കുന്നതായും പരാതിക്കാരി മാധ്യമങ്ങളോട് പറഞ്ഞു. പൊലീസ് സംഘം പെരുമ്പാവൂരിലെ എംഎല്‍എയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി മടങ്ങുന്നതിനിടയിലാണ് പരാതിക്കാരി പ്രതികരിച്ചത്.
എംഎല്‍എയ്ക്ക് മുന്‍കൂര്‍ ജാമ്യം കിട്ടിയതില്‍ ഞാനെന്ത് പറയാനാണ്? ഇപ്പോഴത്തെ മാനസികാവസ്ഥയില്‍ ഒന്നും പറയാനാകുന്നില്ല. തെളിവെടുപ്പിന് ഇവിടെ വന്നതിന്റെ വിഷമത്തിലാണെന്നും ചോദ്യത്തിനുള്ള മറുപടിയായി യുവതി പറഞ്ഞു.
എംഎല്‍എയുടെ ആരോപണങ്ങള്‍ യുവതി നിഷേധിച്ചു. പി.ആര്‍ ഏജന്‍സി ജീവനക്കാരിയായല്ല എംഎല്‍എയെ പരിചയപ്പെട്ടത്. താന്‍ ക്രിമിനലാണെന്ന് പറയുന്നത് ശരിയല്ലെന്നും അവർ പറഞ്ഞു. ബലാത്സംഗക്കേസില്‍ കുന്നപ്പിള്ളിക്ക് ഉപാധികളോടെയാണ് വ്യാഴാഴ്ച കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഈമാസം 22-ന് മുമ്പ് അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാവണമെന്നും അന്വേഷണത്തില്‍ ഒരു തരത്തിലുള്ള ഇടപെടലും നടത്തരുതെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.