ചങ്ങാതി നന്നായാൽ… ബെസ്റ്റ് ഫ്രണ്ടിനെ കണ്ടെത്തുന്നതിങ്ങനെ

നല്ല സുഹൃത്താകാൻ ചില കാര്യങ്ങൾ

ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ടെന്ന പഴഞ്ചൊല്ല് കേൾക്കാത്തവരില്ല. ചങ്ങാതി നന്നായത് കൊണ്ട് കണ്ണട ഉപേക്ഷിച്ച ആളുകളെ തിരഞ്ഞാൽ ഇക്കാലത്ത് കണ്ടു കിട്ടാൻ പ്രയാസമാകും. മല്ലന്റെയും മാതേവന്റെയും കഥ കേട്ട് വളർന്ന തലമുറയ്ക്ക് പോലും ബോബനും മോളിയുമാകാൻ കഴിഞ്ഞിട്ടില്ല. എങ്ങനെയാണ് നല്ല സുഹൃത്തുക്കളെ സമ്പാദിക്കുക. എങ്ങനെയാണ് ഒരാളുടെ ബെസ്റ്റ് ഫ്രണ്ടാകുക. ഫ്രണ്ട്ഷിപ്പ് നിലനിറുത്തുന്നതെങ്ങനെ. ഈ ചോദ്യങ്ങൾക്കെല്ലാം ഉത്തരമുണ്ട്. പക്ഷേ, കുറുക്കുവഴികളില്ല.

ബെസ്റ്റ് ഫ്രണ്ട് ആണ് എന്നു പറയുന്നതിലല്ല, അതു ബോധ്യപ്പെടുത്തുന്നതിലാണു കാര്യം. സുഹൃത്തോ, ബന്ധുവോ അല്ലെങ്കിൽ സഹപ്രവർത്തകനോ പ്രശ്നത്തിലാകുമ്പോൾ,  തുറന്ന മനസ്സോടെയും ശ്രദ്ധയോടെയും അവരെ കേൾക്കാൻ തയാറാവുക. ഏതു പ്രതിസന്ധിയിലും ഒപ്പമുണ്ടാകുമെന്ന് സുഹൃത്തിനെ ബോധ്യപ്പെടുത്തുക.

അറിഞ്ഞോ അറിയാതെയോ നിങ്ങൾ മറ്റൊരാളെ വേദനിപ്പിച്ചെന്ന് തോന്നിയോ ? അതിന് ക്ഷമ ചോദിക്കുക. അതുപോലെ‌, സുഹൃത്തിന്റെ ചെറിയ തെറ്റുകൾ ക്ഷമിക്കാനും അതെക്കുറിച്ച് തുറന്നു സംസാരിക്കാനും തയാറാകുക.  ചെറിയ ഉപകാരങ്ങൾക്കു പോലും മനസ് തുറന്ന് നന്ദി പറയുക. അപരിചിതരോടും കുഞ്ഞുങ്ങളോട് പോലും താങ്ക്സ് പറയുന്നത് ശീലമാക്കുക.

നിങ്ങളോട് ഒരാൾ എങ്ങനെ പെരുമാറണമെന്ന് ആഗ്രഹിക്കുന്നുവോ അതുപോലെ തന്നെ അങ്ങോട്ടും പെരുമാറണം. അത് അത്ഭുതങ്ങൾ കൊണ്ടുവരും. ക്ഷമയോടെ കേൾക്കാൻ കഴിഞ്ഞാൽ മാത്രമേ നിങ്ങൾക്ക് നല്ല സുഹൃത്താകാനാവൂ. കൂടുതൽ സംസാരിക്കുന്നതിലല്ല, കൂടുതൽ കേൾക്കുന്നതിലാണു കാര്യ‌ം.

എല്ലാവർക്കും ഒരുപോലെ പെരുമാറാനാവില്ല. ഒരാൾക്ക് മറ്റൊരാളാകാനും കഴിയില്ല. എല്ലാ വ്യക്തികൾക്കും നല്ല സുഹൃത്താവാൻ കഴിയണമെന്നില്ല. ഏതു ഘട്ടത്തിലും കൈവെടിയാതിര‌ിക്കുക, വിശ്വസ്തത കാട്ടുക, ജഡ്ജ് ചെയ്യാതെ പെരുമാറുക, നിങ്ങളുടെ ജീവിതം എങ്ങനെ പോകുന്നുവെന്നറിയാൻ യഥാർത്ഥ താൽപര്യം കാട്ടുക, നിങ്ങളുടെ വികാരങ്ങളെ മനസ്സിലാക്കുക ഇതെല്ലാം നല്ല സുഹൃത്തിന്റെ ലക്ഷണങ്ങളാണ്.

Exit mobile version